ഗതാഗതത്തിനായി വലിയൊരു വിഭാഗം ആളുകള് ആശ്രയിക്കുന്ന ഒന്നാണ് ട്രെയിന്. ദൂരയാത്രയ്ക്കായാലും ആദ്യം മുന്ഗണന കൊടുക്കുന്നതും ട്രെയിനിന് തന്നെയായിരിക്കും. നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില് നിന്ന് ഫോണോ പേഴ്സോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ താഴെ വീണുപോയാല് എന്ത് ചെയ്യുമെന്ന്?
പലരും പരിഭ്രാന്തരാകുകയും അപായ ചങ്ങല വലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ഒക്കെ ചെയ്യും. പക്ഷേ അപായ ചങ്ങല വലിച്ച് ട്രെയിന് നിര്ത്തുന്നത് നല്ല കാര്യമല്ല. അത് ട്രെയിനിലെ മറ്റ് യാത്രക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഇന്ത്യന് റെയില്വെ ആക്ട് പ്രകാരം കുറ്റകരവുമായ കാര്യവുമാണ്. ഒരു വര്ഷം വരെ തടവോ, 1000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
ഇനി ഓടുന്ന ട്രെയിനില് നിന്ന് ഫോണ് താഴെ വീണാല് എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം?
- ട്രെയിന് കടന്നുപോയ അവസാനത്തെ സ്റ്റേഷന് ഓര്ത്തുവയ്ക്കുക.
- അപ്പോള്ത്തന്നെ പുറത്തു കാണുന്ന കറുപ്പും മഞ്ഞയും നിറത്തിലുള്ള റെയില്വെ തൂണിലെ നമ്പര് നോട്ട് ചെയ്യുക. ഫോണ് താഴെ വീണ ഉടന് ഈ നമ്പര് ശ്രദ്ധിക്കുന്നത് ഫോണോ പഴ്സോ എളുപ്പത്തില് കണ്ടെത്താന് സഹായിക്കും.
- അടുത്തുളള ആരുടെയെങ്കിലും കൈയ്യില്നിന്ന് ഫോണ് വാങ്ങി റെയില്വേ സുരക്ഷാ സേനയുടെ ഹെല്പ്പ് ലൈന് നമ്പറായ 182 ല് വിളിച്ച് സഹായം ചോദിക്കാവുന്നതാണ്.
- ഫോണ് താഴെ വീണ സമയം, സ്ഥലം, ഏതാണ് ഫോണ്, നേരത്തെ നോട്ട് ചെയ്തുവച്ച റെയില്വേ തൂണിന്റെ നമ്പര് തുടങ്ങിയ വിവരങ്ങളെല്ലാം അവരെ അറിയിക്കണം.
- ആര് പി എഫ് ഉദ്യോഗസ്ഥര് ഫോണ് കണ്ടെത്തിയാല് അത് അടുത്തുള്ള പൊലീസ് സ്റ്റേഷനില് എത്തിക്കുകയും വിവരങ്ങള് നിങ്ങളെ അറിയിക്കുകയും ചെയ്യും.
- റെയില്വേ പൊലീസുമായി ബന്ധപ്പെട്ട് നിയമനടപടികള് പൂര്ത്തിയാക്കിയാല് മൊബൈല് തിരികെ ഉടമയ്ക്ക് ലഭിക്കും.
Content Highlights :What to do to get your phone or wallet back if it falls off a moving train