സബർബൻ ട്രെയിനിൽ ഇനി വിയർക്കാതെ പോകാം; ചെന്നൈയിലേക്കുള്ള ആദ്യ എസി സബർബൻ ട്രെയിൻ സർവീസ് തുടങ്ങി

ചെന്നൈ നഗരത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട് പാതയിലാണ് ആദ്യ സർവീസ് ആരംഭിച്ചത്.

തമിഴ് സിനിമകളിലൂടെ നമുക്ക് ഏറെ സുപരിചിതമാണ് ചെന്നൈ നഗരത്തിലെ സബർബൻ ട്രെയിനുകൾ. നഗരത്തിലെ തിരക്കുകളെ അതിജീവിക്കാൻ ചെന്നൈ നഗരവാസികൾ കൂടുതൽ ആയി ഉപയോഗിക്കുന്ന ട്രെയിനുമാണ് സബർബൻ. ഇപ്പോളിതാ യാത്രക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എസി സബർബൻ സർവീസ് ആരംഭിച്ചിരിക്കുകയാണ്.

ചെന്നൈ നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ സബർബൻ ഉപയോഗിക്കുന്നവർക്ക് ആശ്വാസമാകുന്ന ഈ എസി സബർബൻ ട്രെയിൻ ശനിയാഴ്ച രാവിലെയാണ് സർവീസ് ആരംഭിച്ചത്. ചെന്നൈ നഗരത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട് പാതയിലാണ് ആദ്യ സർവീസ് ആരംഭിച്ചത്.

'ചെന്നൈ നിവാസികളേ, തണുപ്പുള്ളതും സുഖകരവുമായ ഒരു യാത്രയ്ക്ക് സമയമായി' എന്നാശംസിച്ച് കൊണ്ടാണ് ദക്ഷണ റെയിൽവെ എസി സബർബൻ ട്രെയിനിന്റെ വരവ് അറിയിച്ച് എക്‌സിൽ പോസ്റ്റിട്ടത്. 35 രൂപ മുതൽ 105 രൂപ വരെയാണ് എസി സബർബൻ ട്രെയിന്റെ നിരക്ക്.

12 കോച്ചുകളുള്ള തീവണ്ടിയിൽ 1320 പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കും. പുതിയ എസി സബർബനിൽ ഓട്ടോമാറ്റിക് വാതിലുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, സിസിടിവി ക്യാമറകൾ തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ട്. നേരത്തെ മുംബൈ നഗരത്തിലാണ് എസി സബർബൻ സർവീസ് റെയിൽവേ ആദ്യമായി ആരംഭിച്ചത്.

Content Highlights: You can now travel on the Suburban train without sweating; The first AC Suburban train service to Chennai has started

To advertise here,contact us