എങ്ങോട്ടെന്നറിയില്ല… നിഗൂഢത നിറച്ചൊരു വിമാനയാത്ര, 'ഡെസ്റ്റിനേഷന്‍ അണ്‍നോണ്‍'

എവിടേക്കാണ് പോകുന്നതെന്ന് യാത്രക്കാർ അറിയുന്നത് ഏറ്റവുമൊടുവില്‍...

dot image

യാത്രകള്‍ പോകാന്‍ ഇഷ്ടമുള്ളവരാണ് നമ്മള്‍ എല്ലാവരും. എവിടേക്കാണ് പോകുന്നതെന്ന് നേരത്തെ തീരുമാനിക്കും. അവിടെ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെ പോകണമെന്നുമൊക്കെ തീരുമാനിച്ചുറപ്പിച്ചാകും നമ്മള്‍ ഇറങ്ങുക. എന്നാല്‍ ഇങ്ങനെയൊന്ന് ചിന്തിച്ച് നോക്കൂ, എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാതെ വസ്ത്രങ്ങളൊക്കെ പാക്ക് ചെയ്ത് പാസ്‌പോര്‍ട്ടും മറ്റ് രേഖകളും എടുത്ത് എയര്‍പോര്‍ട്ടിലെത്തുന്നു. വിമാനത്തില്‍ കയറുന്നു. വിമാനം ഇറങ്ങുമ്പോള്‍ മാത്രം നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നു… ഭാവനയാണെന്ന് കരുതേണ്ട. ഇങ്ങനെയും വിമാനയാത്രയുണ്ട്. സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈനാണ് സര്‍പ്രൈസുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഈ വ്യത്യസ്തമായ യാത്ര നടപ്പാക്കുന്ന എയർലൈനുകളില്‍ ഒന്ന്.

'ഡെസ്റ്റിനേഷന്‍ അണ്‍നോണ്‍' എന്നായിരുന്നു ഈ വേറിട്ട യാത്രയെ എയര്‍ലൈന്‍ വിശേഷിപ്പിച്ചത്. ഏപ്രില്‍ നാലിനായിരുന്നു ഏറ്റവും ഒടുവിലത്തെ മിസ്റ്ററി ഫ്‌ളൈറ്റ് യാത്ര. യാത്ര പ്രഖ്യാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിമാനത്തിലെ ടിക്കറ്റുകളെല്ലാം വിറ്റുപോവുകയും ചെയ്തു.

യാത്രക്കരെല്ലാം എത്തി, ചെക്ക്-ഇന്‍ ചെയ്തു, വിമാനത്തില്‍ കയറി. ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നിന്ന് വിമാനം പറയുന്നയര്‍ന്നു അപ്പോഴും തങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്നതിനെ കുറിച്ച് യാത്രക്കാര്‍ക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒടുവില്‍ സസ്‌പെന്‍സ് അവസാനിപ്പിച്ച് സ്‌പെയിനിലെ സെവില്ലില്‍ വിമാനം ലാന്‍ഡ് ചെയ്തു.

യാത്രയുടെ ദൃശ്യങ്ങള്‍ എയര്‍ലൈന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിട്ടുണ്ട്. തങ്ങള്‍ വിചാരിച്ചിരുന്നതിനേക്കാള്‍ വലിയ സര്‍പ്രൈസാണ് ലഭിച്ചതെന്നാണ് യാത്രക്കാരുടെ പ്രതികരണം. അടുത്ത യാത്രക്കായി കാത്തിരിക്കുകയാണെന്നും ഉറപ്പായും ഇനിയും മിസ്റ്ററി യാത്രയ്ക്ക് തങ്ങള്‍ തയ്യാറാണെന്നും യാത്രക്കാരില്‍ ഭൂരിഭാഗം പേരും പറയുന്നു.

ഇത്തരം യാത്രകള്‍ക്ക് വിസയുടെ പ്രശ്‌നം വരില്ലെ എന്ന് സംശയം തോന്നാം. ഷെങ്കണ്‍ ഏരിയയിലാണ് സ്‌കാന്‍ഡനേവിയന്‍ എയര്‍ലൈന്‍ മിസ്റ്ററി യാത്രകള്‍ നടത്തുന്നത്. സ്‌കാന്‍ഡനേവിയന്‍ എയര്‍ലൈനെ കൂടാതെ വിസ് എയറും ലുഫ്താന്‍സ എയര്‍ലൈനുമെല്ലാം ഇത്തരം യാത്രകള്‍ നടത്തുന്നുണ്ട്. മതിയായ രേഖകളുണ്ടെങ്കില്‍ ഇന്ത്യയിലുള്ളവര്‍ക്കും യാത്രയുടെ ഭാഗമാകാമെന്നാണ് എയര്‍ലൈനുകള്‍ പറയുന്നത്.

Content Highlights: This Flight Tells You The Destination Only After Landing

dot image
To advertise here,contact us
dot image