നമ്മളെല്ലാവരും ദിവസവും കാണുകയും യാത്രചെയ്യുകയും ചെയ്യുന്ന വാഹനമാണ് ബസ് അല്ലേ. ചില ബസ് യാത്രകളൊക്കെ നമ്മുടെ മനസില് നല്ല ഓര്മ്മകളും സൃഷ്ടിച്ചിട്ടുണ്ടാവാം. എന്നാല് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ നിരത്തിലൂടെ ഓടുന്ന ബസ്സിന്റെ പൂര്ണ്ണരൂപമെന്താണ്? ആരാണ് അത് കണ്ടു പിടിച്ചത്? എവിടെയാണ് ആദ്യമായി ഉപയോഗിച്ചത് ?എന്നൊക്കെ. ഒരു കൂട്ടം ആളുകളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനുള്ള വാഹനം എന്ന ചിന്തയില് നിന്നാണ് ബസ്സുകളുടെ ചരിത്രം ആരംഭിച്ചത്. ബസിന്റെ പൂര്ണ്ണരൂപം 'ഒമ്നി ബസ്' എന്നാണ്. ലാറ്റിന് ഭാഷയില് ' എല്ലാവര്ക്കും' എന്നര്ഥം വരുന്ന ഒമ്നിബസ് എന്നതിന്റെ ചുരുക്കപ്പേരാണ് ബസ്.യഥാര്ഥത്തില് ഈ വാഹനങ്ങള് പൊതുഗതാഗതത്തിന് വേണ്ടി രൂപകല്പ്പന ചെയ്ത കുതിരവണ്ടികളായിരുന്നു.
ഫ്രാന്സിലെ നാന്ടെസില് ധാന്യമില് നടത്തിയിരുന്ന സ്റ്റാനിസ്ലാസ് ബൗഡ്രി എന്നയാളാണ് ' വെച്ചുഎ ഓംനിബസ്' എന്ന സംരംഭം 1823 ല് തന്റെ സ്വന്തം നാട്ടില് തുടങ്ങുന്നത്. മില്ലിലെ ചൂടുവെള്ളം വെറുതെ കളയാതിരിക്കാന് ഇയാള് മില്ലിനോട് ചേര്ന്ന് ഒരു സ്പാ തുടങ്ങി. നാന്ടെസ് നഗരത്തില്നിന്നും ആളുകളെ ഒരുമിച്ച് തന്റെ സ്പായിലേക്ക് കൊണ്ടുവരാനായി കുതിരകള് കെട്ടിവലിക്കുന്ന ഒരു വാഹനം ബൗഡ്രി ഉണ്ടാക്കുകയായിരുന്നു. ആ ഗതാഗത സംവിധാനം ഫ്രാന്സില് വന് വിജയമായി. 1828ല് ബൗഡ്രിയുടെ ' വെച്ചുഎ ഓംനിബസ്' പാരീസ് നഗരം കേന്ദ്രമാക്കി സര്വ്വീസ് തുടങ്ങി. അതിന് ശേഷം ഒരു വര്ഷം കഴിഞ്ഞപ്പോഴാണ് ലണ്ടന് നഗരത്തില് ഓംനിബസ് വരുന്നത്. 1830ല് കുതിരകള്ക്ക് പകരം ആവിയന്ത്രം ഉപയോഗിച്ചുള്ള ബസുകള് ലണ്ടനില് നിരത്തിലിറങ്ങി. മോട്ടോര് ബസുകള് നിരത്തിലിറങ്ങാന് 1895 വരെ കാത്തിരിക്കേണ്ടിവന്നു.
ആദ്യമായി ഡബിള്ഡക്കര് ബസ് നിര്മ്മിച്ചത് 1898ല് ഡൈംലര് എന്ന കമ്പനിയാണ്. ലണ്ടനില് സര്വ്വീസ് ആരംഭിച്ച ഡബിള് ഡക്കര് ബസില് 20 യാത്രക്കാര്ക്ക് സഞ്ചരിക്കാന് കഴിയുമായിരുന്നു. ഈ ഡബിള് ഡക്കര് ബസിന് മണിക്കൂറില് 11 മൈല് വേഗത്തില് ഓടാന് കഴിയുമായിരുന്നു. 20ാം നൂറ്റാണ്ടില് പുതിയ ബസ് മോഡലുകള് ധാരാളമായി പുറത്തിറങ്ങി. 1950ല് ലണ്ടനിലെ പഴയ തലമുറ ഡബിള് ഡക്കര് ബസ് മോഡലായ ഇഇസി റൂട്ട് മാസ്റ്റര് വികസിപ്പിച്ചു. ഈ ബസിന് ധാരാളം പ്രത്യേകതകള് ഉണ്ടായിരുന്നു. ഭാരക്കുറവ്, പവര് സ്റ്റിയറിംഗ്, പവര് ഹൈഡ്രോളിക് ബ്രേക്കിംഗ്, ഫുള് ഓട്ടോമാറ്റിക് ഗിയര് ബോക്സ് ഇവയെല്ലാം ഈ ബസിന്റെ പ്രത്യേകതയായിരുന്നു. കാലം മുന്നോട്ട് പോയതൊടെ ബസുകളില് പരിഷ്കാരങ്ങള് വന്നു തുടങ്ങി.
നമ്മള് മലയാളികള്ക്കും ബസ്സിനോട് പ്രിയമുളളവരാണ് . 1910ലാണ് കേരളത്തിലെ ആദ്യത്തെ ബസ് സര്വ്വീസ് ആരംഭിച്ചത്. കോട്ടയം-പാല റൂട്ടിലായിരുന്നു അത്. പിന്നീട് കൊല്ലം- തിരുവനന്തപുരം റൂട്ട്. അങ്ങനെ പതുക്കെ കേരളമാകെ ബസ് സര്വ്വീസുകള് തുടങ്ങി. .
Content Highlights :Do you know the history of our buses that run on the road?