മൂന്നാം മോദിസര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി; സെന്‍സെക്സില്‍ മുന്നേറ്റം

എന്‍ടിപിസി, ഗ്രാസിം ഓഹരികളില്‍ നേട്ടം

2024ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 250ലധികം പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 73 പോയിന്റ് മുന്നേറിയ നിഫ്റ്റി 24,500 ന് മുകളിലായി. ഇന്നലെ സെന്‍സെക്സ് 80,502.08ലും എന്‍എസ്ഇ സൂചിക 23,537.85ലുമായിരുന്നു ക്ലോസ് ചെയ്തത്.

എന്‍ടിപിസി, ഐടിസി, അള്‍ട്രാടെക് സിമന്റ് എന്നിവ ബിഎസ്ഇ പാക്കില്‍ മുന്‍നിരയിലുള്ള ഓഹരികളില്‍ ഉള്‍പ്പെടുന്നു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്സി എന്നിവ നഷ്ടം നേരിട്ടു. വിപ്രോ, എച്ച്സിഎല്‍ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഓഹരികളും നഷ്ടത്തിലാണ്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐടി മേഖലയിലെ നിയമനങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ഇന്നലെ അവതരിപ്പിച്ച പ്രീ-ബജറ്റ് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.

പാര്‍ലമെന്റിലെത്തിയ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11 മണിക്ക് മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിക്കും. ഇടത്തരക്കാര്‍ക്കുള്ള നികുതി ഇളവുകളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളും വിപണികള്‍ക്ക് അനുകൂലമായ ചലനം നല്‍കുമെന്നാണ് പ്രതീക്ഷ.

To advertise here,contact us