വിസ കാര്‍ഡ് വന്ന വഴി; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

എന്താണ് വിസ കാര്‍ഡ്? എങ്ങിനെയായിരുന്നു ഉത്ഭവം?

3 min read|19 Sep 2024, 12:10 pm

വര്‍ഷം 1950. ബാങ്ക് ഓഫ് അമേരിക്കയുടെ ഉന്നതതലയോഗം നടക്കുന്നു. പണത്തിന്റെ ഇടപാട് കുറച്ചുകൂടി ലളിതമാക്കണം അതായിരുന്നു യോഗത്തിന്റെ അജണ്ട. ആ കാലഘട്ടത്തില്‍ അമേരിക്കന്‍ വിപണിയില്‍ ചില പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഉപഭോക്താക്കള്‍ കച്ചവടക്കാര്‍ക്ക് നിശ്ചിത തുക അഡ്വാന്‍സ് ആയി കൊടുത്ത് ചില കൂപ്പണുകള്‍ സ്വന്തമാക്കുന്നതായിരുന്നു ഒരു രീതി. തുടര്‍ന്ന് സാധനങ്ങൾ വാങ്ങുന്നതിന് അനുസരിച്ച് കൂപ്പണില്‍ നിന്ന് അഡ്വാൻസ് കൊടുത്ത തുക കുറവ് ചെയ്യുന്ന രീതിയായിരുന്നു അത്. ഓഫര്‍ കാര്‍ഡുകളിലൂടെ എന്തും വാങ്ങാനും നിശ്ചിത ദിവസത്തിനു ശേഷം തുക തിരിച്ചടയ്ക്കാനും സാധിക്കുന്നതായിരുന്നു മറ്റൊരു സംവിധാനം. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ പറ്റ് പുസതകം പോലെ. വിപണയിൽ സാധാരണമായിരുന്ന ഈ രീതികൾക്ക് പകരം വളരെ ലളിതമായ മാര്‍ഗമാണ് ബാങ്ക് ഓഫ് അമേരിക്ക ആലോചിച്ചു കൊണ്ടിരുന്നത്.

ബാങ്ക് ഓഫ് അമേരിക്കയുടെ ബുദ്ധിരാക്ഷസന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആളാണ് ജോസ് പി വില്ല്യംസ്. അദ്ദേഹം ഒരു ആശയം മുന്നോട്ടുവച്ചു. ബാങ്ക് ഒരു കാര്‍ഡ് ഇറക്കുക. ഇതിനായി കാര്‍ഡുകളും കൂപ്പണുകളും നല്‍കുന്ന കടകളില്‍ കയറി ഇറങ്ങി കാര്‍ഡിന്റെ ഒരു ഏകദേശ രൂപം അദ്ദേഹം കണ്ടെത്തി. 1958ല്‍ ജോസ് പി വില്ല്യംസിന്റെ പ്രയത്നം സഫലമായി. ബാങ്ക് ഓഫ് അമേരിക്ക കാര്‍ഡ് പുറത്തിറക്കി. അന്നത്തെ പരമാവധി പര്‍ച്ചേസ് തുക 300 ഡോളറയിരുന്നു. ക്രമേണ മറ്റ് സ്റ്റേറ്റുകളിലെ ബാങ്കുകളെയും കൂട്ടിയിണക്കി ശൃംഖല വിപുലീകരിച്ചു. പിന്നീട് എല്ലാ ഭാഷക്കാര്‍ക്കും പെട്ടെന്ന് മനസിലാക്കാവുന്ന ഒരുപേര് ഈ കാര്‍ഡിന് ആവശ്യമായി വന്നു. ബാങ്ക് ഓഫ് അമേരിക്കയുടെ ഇദ്യോഗസ്ഥനായ ഡി ഹോക്ക് ഇതിനായി ഒരുപേര് നിര്‍ദ്ദേശിച്ചു. പിന്നീട് ചരിത്രത്തിൽ ഇടംപിടിച്ച വിസ എന്ന പേരായിരുന്നു ഡി ഹോക്ക് നിർദ്ദേശിച്ചത്. അധികം താമസിയാതെ ഈ കാര്‍ഡും ഈ പേരും ലോകമെമ്പാടും ആഘോഷത്തോടെ സ്വീകരിക്കപ്പെട്ടു. ഇന്ന് 200ലധികം രാജ്യങ്ങളിലെ കോടികണക്കിന് ജനങ്ങളുടെ വാലറ്റില്‍ സ്ഥാനം ഉറപ്പിച്ച് വിസാ കാര്‍ഡ് തന്റെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചച് അങ്ങനെയായിരുന്നു. ഗ്രാമീണമായി നടന്നിരുന്ന ഒരു ക്രയവിക്രയ ആശയത്തെ ആധുനികവത്കരിച്ചു എന്നതായിരുന്നുഡി ഹോക്കിൻ്റെ സംഭാവന.

എന്താണ് വിസ കാര്‍ഡ്?

ലോകമെമ്പാടുമുള്ള എല്ലാ ക്യാഷ് ഇടപാടുകള്‍ക്കും ഒരു മീഡിയേറ്ററായിട്ടാണ് വിസ കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ഒരു അന്താരാഷ്ട്ര കോര്‍പ്പറേഷനാണ് വിസ. ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ മുതലായവയിലൂടെ പണരഹിത പേയ്‌മെന്റ് സേവനങ്ങള്‍ നടത്തുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. വിസ ക്രെഡിറ്റ് കാര്‍ഡാണ് നിലവില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ നൽകുന്നത്.

എന്താണ് വിസ നെറ്റ്‌വര്‍ക്ക്‌?

ലോകമെമ്പാടും സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനായി ഒരു നെറ്റ്‌വര്‍ക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കോര്‍പ്പറേഷനാണ് വിസ. ഇത് ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയിലൂടെ പണം കൈമാറ്റം ചെയ്യാനുള്ള ഒരു മീഡിയേറ്ററായി നിലകൊള്ളുന്നു. വിസ കാർഡ് ഉപയോഗിച്ച് ലോകമെമ്പാടും പണരഹിത ഇടപാടുകള്‍ നടത്താം. വിസ കാര്‍ഡുകള്‍ പണം ഇഷ്യൂ ചെയ്യുന്നില്ല, ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നില്ല. മറിച്ച് ഫണ്ട് കൈമാറ്റത്തിനായി ഉപഭോക്താക്കളെയും വ്യാപാരികളെയും ബാങ്കുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നെറ്റ്‌വര്‍ക്കായി സേവനം നൽകുകയാണ് വിസ ചെയ്യുന്നത്.

വിസ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രയോജനങ്ങള്‍

ആഗോളതലത്തില്‍ ഏറ്റവുമധികം സ്വീകാര്യമായ കാര്‍ഡ് സേവനങ്ങളിലൊന്നാണ് വിസ ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കാര്‍ഡില്‍ ഉള്‍ച്ചേര്‍ത്ത ഒരു ഇഎംവി ചിപ്പിന്റെ രൂപത്തില്‍ ഏറ്റവും നൂതനമായ സുരക്ഷാ സംവിധാനം വിസ വാഗ്ദാനം ചെയ്യുന്നു. ഒരു ഇഎംവി ചിപ്പ് അടിസ്ഥാനപരമായി ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിന് മികച്ച പരിരക്ഷ നല്‍കുന്നു.

To advertise here,contact us