സ്മാര്‍ട്ടായി 'പാന്‍ 2.0': ആര്‍ക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

ആദായ നികുതി വകുപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ പാന്‍ കാര്‍ഡിന് ആരൊക്കെ അപേക്ഷിക്കണം എന്ന് തുടങ്ങി നിരവധി സംശയങ്ങളാണ് നികുതിദായകര്‍ക്കുള്ളത്

സ്മാര്‍ട്ട് ഫീച്ചറുകളുമായി പാന്‍ 2.0 അവതരിപ്പിച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്. കൂടുതല്‍ സുരക്ഷയും സൗകര്യവും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ കാര്‍ഡ് അഥവാ പാന്‍ കാര്‍ഡ്. നിലവിലെ പാന്‍ കാര്‍ഡുകളുടെ നവീകരിച്ച രൂപമായിരിക്കും പാന്‍ 2.0. ക്യൂ ആര്‍ കോഡ് സംവിധാനമുള്‍പ്പടെ പുതിയ കാര്‍ഡില്‍ ഉണ്ടായിരിക്കും. പാന്‍ 2.0 നടപ്പിലാകുന്നതോടെ വ്യാജ കാര്‍ഡുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും സാധിക്കും.

ആദായ നികുതി വകുപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എല്ലാവരും പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടതുണ്ടോ എന്ന് തുടങ്ങി നിരവധി സംശയങ്ങളാണ് നികുതിദായകര്‍ക്കുള്ളത്. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് പുതിയ പാന്‍ കാര്‍ഡിന്റെ ഡിജിറ്റര്‍ പതിപ്പ് സൗജന്യമായി ഇ-മെയിലിലൂടെ ലഭിക്കും. പിഡിഎഫ് രൂപത്തിലായിരിക്കും ഇവ ലഭിക്കുക. എന്നാല്‍ കാര്‍ഡിന്റെ പ്രിന്റഡ് പതിപ്പ് വേണമെങ്കില്‍ ചെറിയ ഫീസ് നല്‍കണം. രാജ്യത്തിനകത്തുള്ളവരില്‍ നിന്ന് 50 രൂപയാണ് ഫീസായി ഈടാക്കുക. ക്യൂ ആര്‍ കോഡ് ഇല്ലെങ്കിലും നിലവിലെ പാന്‍ കാര്‍ഡ് വാലിഡ് ആയിരിക്കും. നിലവിലെ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ സൗജന്യമായി ഈ തിരുത്തലുകള്‍ വരുത്താവുന്നതാണ്.

നിലവില്‍ മൂന്ന് പോര്‍ട്ടലുകള്‍ വഴിയാണ് പാന്‍ സേവനങ്ങള്‍ നല്‍കുന്നത്. യുടിഐഐടിഎസ്എല്‍, പ്രോട്ടിയന്‍, ഇ-ഫയലിങ് പോര്‍ട്ടല്‍ എന്നിവ വഴിയാണ് സേവനങ്ങള്‍ നല്‍കുന്നത്. പാന്‍ 2.0യുടെ വരവോടെ എല്ലാ സേവനങ്ങളും ഒറ്റ പോര്‍ട്ടലിലേക്ക് മാറ്റും. അതായത് പാന്‍ അനുവദിക്കലും സേവനങ്ങളും ഉള്‍പ്പടെ ഏകീകൃത സംവിധാനം വഴി നല്‍കാന്‍ കഴിയും.

ആരൊക്കെയാണ് അപേക്ഷിക്കേണ്ടത്?

നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ എല്ലാവരും പുതിയ കാര്‍ഡിനായി അപേക്ഷിക്കേണ്ടതില്ല. നിലവിലെ കാര്‍ഡില്‍ എന്തെങ്കിലും തിരുത്തലുകളോ മറ്റോ വരുത്തേണ്ടവര്‍ മാത്രം അംഗീകൃത പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഡിജിറ്റലായി ലഭിച്ച കാര്‍ഡിന്റെ പ്രിന്റഡ് പതിപ്പ് വേണ്ടവരും ചെറിയ ഫീസ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്നതിനൊപ്പം സറണ്ടര്‍ ചെയ്യേണ്ട പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കുകയും വേണം.

ഒന്നില്‍ കൂടുതല്‍ പാന്‍ കൈവശമുള്ളവര്‍ എന്ത് ചെയ്യണം?

1961-ലെ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കൈവശം വെക്കാനാകില്ല. ഒരാളുടെ കൈവശം ഒന്നില്‍ കൂടുതല്‍ പാന്‍ ഉണ്ടെങ്കില്‍ അത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അധിക പാന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യുകയും വേണം. ഇല്ലെങ്കില്‍ നിശ്ചിത തുക പിഴ നല്‍കേണ്ടി വരും.

Content Highlights: What Is PAN 2.0, All You Need To Know

To advertise here,contact us