ലോകപ്രശസ്ത vfx കമ്പനിയായ ടെക്‌നികളർ തകര്‍ച്ചയിലേക്കെന്ന് റിപ്പോർട്ട്; ഇന്ത്യയിലെ ജീവനക്കാരും ആശങ്കയിൽ

പെട്ടെന്നുണ്ടായ അറിയിപ്പ് നിരവധി തൊഴിലാളികളെയാണ് ആശങ്കയിലാക്കിയിട്ടുളളത്

പാരീസ് ആസ്ഥാനമായുളള vfx, ആനിമേഷൻ കമ്പനിയായ 'ടെക്‌നികളർ' ഗ്രൂപ്പ് പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോർട്ട്. എംപിസി, മിക്റോസ് ആനിമേഷൻ, ദി മിൽ തുടങ്ങി അമേരിക്ക, ബ്രിട്ടൻ. കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളിലെല്ലാം നിരവധി വിഷ്വൽ എഫക്ട്സ് സ്റ്റുഡിയോകളുടെ ഉടമസ്ഥരാണ് ടെക്നികളർ ​ഗ്രൂപ്പ്. ഇതിനിടെ ഇന്ത്യയിലെ സ്ഥാപനവും പ്രതിസന്ധിയെ നേരിടുകയാണ്. ഒരു മാസത്തെ ശമ്പളമെങ്കിലും കിട്ടുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍. പേരുവെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ഒരു ജീവനക്കാരൻ റിപ്പോര്‍ട്ടറിനോട് ആശങ്ക വെളിപ്പെടുത്തി. മുഴുവന്‍ കമ്പനിയും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ ഗ്രൂപ്പിൻ്റെ ഭാഗമായി ലോകമെമ്പാടുമുളള ആയിരക്കണക്കിന് vfx ആനിമേഷന്‍ തൊഴിലാളികള്‍ തൊഴില്‍ രഹിതരായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മലയാളികളുള്‍പ്പടെ 2,000ത്തിലധികം ഇന്ത്യന്‍ ജീവനക്കാരോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്ക് കയറരുതെന്ന് നിർദ്ദേശിച്ചിട്ടുള്ളതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കാലത്ത് മാതൃകാപരമായ നിലയിൽ പ്രവർത്തിച്ചിരുന്ന ഈ vfx ആനിമേഷന്‍ സ്റ്റുഡിയോകള്‍ പെട്ടന്ന് അടച്ചുപൂട്ടാന്‍ കാരണമായത് സാമ്പത്തിക ദുര്‍വിനിയോഗം, അമിതമായ ചെലവ് , പണമൊഴുക്ക് എന്നിവയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.പരിഭ്രാന്തരായ നിരവധി വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റുകള്‍ ആശങ്കയിലാണ്. ടെക്‌നികളർ ഡയറക്ടര്‍മാര്‍ കമ്പനി വില്‍ക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല.

Also Read:

Business
ഇന്ത്യക്കാരുടെ കീശ ചോരുന്ന വഴി പറഞ്ഞ് റിപ്പോർട്ട്; വരുമാനത്തിൻ്റെ മൂന്നിലൊന്നും പോകുന്നത് ഇഎംഐ ആയി

ഡിസ്‌നിയുടെ 1940 ലെ ക്ലാസിക് ആയ 'പിനാക്വോ' മുതല്‍ 2024ല്‍ പുറത്തിറങ്ങിയ 'മുഫാസ ദി ലയണ്‍കിങ്' വരെയുള്ള സിനിമകളില്‍ ടെക്‌നികളർ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ടെക്‌നിക്കോളാറിന്റെ സിഇഒ കരോളിന്‍ പരോട്ടിന്റെ ഒരു കത്ത് സ്ഥാപനത്തിലെ വിവിധ സ്റ്റുഡിയോകളിലേക്കും യുഎസ്, കാനഡ, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlights :'Technicolor' company on the brink of collapse, employees worried about getting at least one month's salary

To advertise here,contact us