സ്വർണത്തിന്റെ വില കുത്തനെ ഇടിഞ്ഞേക്കും, കാരണങ്ങൾ പലത്; പ്രവചനവുമായി മോണിങ്സ്റ്റാർ സ്ട്രാറ്റജിസ്റ്റ്

നിലവിൽ 10 ഗ്രാം തങ്കത്തിന് ഇന്നത്തെ വിപണി വില 89,510 രൂപയാണ്

സ്വർണം റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ത്യയിൽ ഇന്നത്തെ വില 68,480 രൂപയാണ്. തങ്കത്തിന് 74,704 രൂപയുമാണ് വില. പവന് എഴുപതിനായിരവും കടന്ന് വില പോകുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ സ്വർണത്തിന്റെ വില കുത്തനെ ഇടിഞ്ഞേൽക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

അമേരിക്കൻ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോൺ മിൽസ് ആണ് സ്വർണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. സ്വർണ്ണം ഔൺസിന് 1,820 ഡോളറായി കുറയുമെന്നാണ് ജോണിന്റെ പ്രവചനം. നിലവിൽ ഔൺസിന് 3080 ഡോളറാണ് വില.

ആഗോളതലത്തിൽ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം, സാമ്പത്തിക അസ്ഥിരത, പണപ്പെരുപ്പ ആശങ്കകൾ എന്നിവയാണ് നിലവിൽ സ്വർണത്തിന് വില കൂടാൻ കാരണമായത്. ഇതിന് പുറമെ ട്രംപ് വീണ്ടും അധികാരത്തിൽ ഏറിയതോടെ നടത്തിയ സാമ്പത്തിക പരീക്ഷണങ്ങളിൽ ആശങ്കയുള്ള നിക്ഷേപകർ കൂട്ടത്തോടെ സ്വർണം സുരക്ഷിത നിക്ഷേപമായി വാങ്ങിക്കൂട്ടിയതും വില കൂട്ടി.

എന്നാൽ ഈ സ്ഥിതിക്ക് മാറ്റം വരുമെന്നാണ് ജോൺ മിൽസ് വിലയിരുത്തുന്നത്. വില കുറയുന്നതിനായി മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ജോൺ മിൽസ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന് നിലവിൽ സ്വർണത്തിന് ലഭിക്കാവുന്നതിന്റെ ഏറ്റവും ഉയർന്ന വിലയിലാണ് അന്താരാഷ്ട്ര വിപണിയിൽ വിൽപ്പന നടക്കുന്നത്. ഇത് കൂടുതലായി സ്വർണ ഉത്പാദനത്തിന് കാരണമായി. ഒരു വർഷം കൊണ്ട് ആഗോള സ്വർണ്ണ ശേഖരം 9% വർദ്ധിച്ച് 2,16,265 ടണ്ണായി മാറിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലാണ് ഏറ്റവും കൂടുതൽ സ്വർണ ഉത്പാദനം വർധിച്ചത്. ഉത്പാദനം വർധിച്ചതോടെ വിപണി നിയന്ത്രിക്കാൻ സാധനത്തിന്റെ വില കുറയും.

രണ്ടാമതായി ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാന്റ് കുറയുന്നതാണ്. വിവിധ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും വലിയ രീതിയിൽ സ്വർണം സ്വന്തമാക്കുന്നുണ്ടെങ്കിലും ആവശ്യത്തിൽ കൂടുതൽ സ്വർണം ഇതിനോടകം നിക്ഷേപമായി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്രബാങ്കുകൾ 1045 ടൺ സ്വർണം വാങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ സ്വർണം ഇനിയും റിസേർവ് ആയി വാങ്ങിവെക്കാനുള്ള സാധ്യതകൾ കുറവാണ്. സാമ്പത്തികമാന്ദ്യ സാധ്യതയാണ് മൂന്നാമതായി സൂചിപ്പിക്കുന്നത്.

നിലവിൽ 10 ഗ്രാം തങ്കത്തിന് ഇന്നത്തെ വിപണി വില 89,510 രൂപയാണ് ഇത് 55,496 രൂപയായി കുറയുമെന്നാണ് ജോൺ പറയുന്നത്. ഇത് സത്യമാവുകയാണെങ്കിൽ ഒരു പവന് സ്വർണത്തിന്റെ വില 42000 രൂപയോളമായി ഇടിയും. അതേസമയം സ്വർണവില വീണ്ടും വർധിക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക, ഗോൾഡ്മാൻ സാച്ച്‌സ് എന്നിവയുടെ വിലയിരുത്തൽ.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്വർണ്ണം ഔൺസിന് 3,500 ഡോളറായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം. അതേസമയം വർഷാവസാനത്തോടെ സ്വർണം ഔൺസിന് 3,300 ഡോളറിലെത്തുമെന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് വിലയിരുത്തുന്നത്.

Content Highlights: Gold prices may fall sharply, for many reasons Morningstar strategist predicts

To advertise here,contact us