ഡല്ഹി: ലോകത്തിലെ ഏറ്റവും മികച്ച ഫണ്ട് മാനേജര്മാര് ഇന്ത്യന് വീട്ടമ്മമാരാണ് എന്നാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകന് ഉദയ് കൊട്ടക് കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വര്ണ്ണം ഒരു ഡെഡ് ഇന്വെസ്റ്റ്മെന്റ് ആണെന്ന് ചിലര് വാദിക്കുമ്പോഴും അതിനെ മികച്ച ഒരു ഇന്വെസ്റ്റ്മെന്റായാണ് ഇന്ത്യക്കാര് കാണുന്നത്. കഴിഞ്ഞ പതിനഞ്ചു വര്ഷത്തിനുളളില് ഇന്ത്യന് കുടുംബങ്ങള് വാങ്ങിക്കൂട്ടിയത് 12,000 ടണ് സ്വര്ണമാണ്. 2010 മുതല് 2024 വരെയുളള കാലയളവിലാണ് ഇന്ത്യക്കാര് ഇത്രയധികം സ്വര്ണ്ണം വാങ്ങിയത്.
ഇതില് 8,000 ടണിലധികം സ്വര്ണവും സ്വര്ണാഭരണങ്ങളായാണ് വാങ്ങിയിരിക്കുന്നത്. ഓരോ വര്ഷത്തെയും സ്വര്ണത്തിന്റെ ശരാശരി വില കണക്കിലെടുത്താല് ഇത്രയും സ്വര്ണം വാങ്ങാന് ഇന്ത്യക്കാര് 50 ലക്ഷം കോടി രൂപ ചെലവാക്കിയിട്ടുണ്ടാകും. ഇതിന്റെ ഇപ്പോഴത്തെ മൂല്യമാകട്ടെ 110 ലക്ഷം കോടി രൂപവരും. അപ്പോള് ഇന്ത്യന് കുടുംബങ്ങളുടെ മൊത്തം ലാഭം 60 ലക്ഷം കോടി രൂപയാണ്. 15 വര്ഷത്തെ കണക്കാണ് ഇതെങ്കില്, ഇന്ത്യന് വീടുകളിലെ മൊത്തം സ്വര്ണശേഖരം ഏകദേശം 25,000 ടണ് വരും. വേള്ഡ് ഗോള്ഡ് കൗണ്സില് പുറത്തുവിട്ട റിപ്പോര്ട്ട് പ്രകാരമാണിത്.
ഇതു കൂടാതെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രമുള്പ്പെടെ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില് മാത്രം അയ്യായിരം ടണിലധികം സ്വര്ണശേഖരമുണ്ടെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. റിസര്വ്വ് ബാങ്കിന്റെ കരുതല് ശേഖരത്തില് 879 ടണ് സ്വര്ണമുണ്ട്. ഇന്ത്യയിലെ മൊത്തം സ്വര്ണശേഖരം 30,000 ടണ് വരും. ഇതിന്റെ മൂല്യം ഇപ്പോഴത്തെ വില അനുസരിച്ച് ഏകദേശം 275 ലക്ഷം കോടി രൂപയായിരിക്കും.
ഡെഡ് ഇന്വെസ്റ്റ്മെന്റാണെന്ന് പറയുന്നവരുടെ വായടപ്പിച്ചുകൊണ്ട് സ്വര്ണവില റെക്കോര്ഡ് വേഗത്തിലാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഒരു പവന് സ്വര്ണത്തിന് ഇന്ന് 72,000 രൂപയ്ക്ക് മുകളില് കൊടുക്കണം. ഒരു ഗ്രാം 24 കാരറ്റ് സ്വര്ണത്തിന് പതിനായിരം രൂപ കൊടുക്കേണ്ടിവരും.
Content Highlights: Indians bought 12,000 tons of gold in 15 years! world gold council report