സ്വർണത്തിൻ്റെ വിലകുതിക്കുന്നു; ആയിരം ടണ്ണോളം സ്വർണശേഖരം കണ്ടെത്തി ചൈന

സെൻട്രൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് 1,000 ടണ്ണിലധികം കരുതൽ ശേഖരമുള്ള ഒരു വലിയ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്

ആ​ഗോള വിപണിയിൽ സ്വർണത്തിൻ്റെ കുതിച്ചു കയറുകയാണ്. സ്വ‍ർ‌ണത്തിൻ്റെ വില ഇനിയും ഉയർന്നേക്കുമെന്നാണ് പ്രമുഖരായ ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഏതാനും മാസങ്ങളായി സ്വ‍ർണത്തിൻ്റെ വിലക്കുതിപ്പിനെ സ്വാധീനിക്കുന്നതായി വിലയിരുത്തലുകളുണ്ട്. എന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആണവഭീതിയിലേയ്ക്ക് വഴിമാറിയതോടെയാണ് ഇപ്പോൾ കാണുന്ന വർ‌ദ്ധനവിലേയ്ക്ക് സ്വർണം മാറിയതെന്നാണ് വിലയിരുത്തൽ. സംഘർഷഭരിതമായ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വ‍ർണത്തെ കാണുന്നതാണ് നിലവിലത്തെ സ്വർണവില വ‍ർദ്ധനവിന് കാരണമെന്നാണ് കണക്കാക്കപ്പെടുന്നത്.

സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെന്ന വിലയിരുത്തലുകൾ പുറത്ത് വരുന്ന പശ്ചാത്തലത്തിലാണ് ചൈനയിൽ പുതിയ സ്വർ‌ണ ശേഖരം കണ്ടെത്തിയതായുള്ള വാർ‌ത്തകൾ വരുന്നത്. സെൻട്രൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് 1,000 ടണ്ണിലധികം കരുതൽ ശേഖരമുള്ള ഒരു വലിയ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയെ ഉ​ദ്ധരിച്ച് സിജിടിഎന്നാണ് ഈ വാർത്ത റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്.

Also Read:

Economy
പണം ഒളിപ്പിച്ചുവെച്ചു, കടം വീട്ടാതെ കമ്പനി വീണ്ടെടുക്കാൻ ശ്രമിക്കുന്നു; ബൈജു രവീന്ദ്രനെതിരെ പുതിയ ആരോപണം

ബ്യൂറോയുടെ കണക്കനുസരിച്ച്, പിംഗ്ജിയാങ് കൗണ്ടിയിലെ വാംഗു ഗോൾഡ്ഫീൽഡിന് താഴെ 2,000 മീറ്റർ താഴ്ചയിൽ 300 ടൺ സ്വർണശേഖരമുള്ള 40-ലധികം സ്വർണ്ണ വെയ്നുകൾ ജിയോളജിസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോ‍‌ർ‌ട്ട്. ഈ പ്രദേശത്ത് 3,000 മീറ്റർ ആഴത്തിൽ ആയിരം ടണ്ണിലധികം സ്വർണശേഖരമുണ്ടെന്നാണ് റിപ്പോ‍ർ‌ട്ട്. ഇതിന് ഏകദേശം 600 ബില്യൺ യുവാൻ (ഏകദേശം 83 ബില്യൺ ഡോളർ) വിലമതിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തുരന്ന പല റോക്ക് കോറുകളിലും സ്വർണ്ണം ദൃശ്യമായിരുന്നുവെന്നാണ് ജിയോളജിക്കൽ ബ്യൂറോയിലെ അയിര് പ്രോസ്പെക്ടിങ് വിദഗ്ധൻ ചെൻ റൂലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്. 2,000 മീറ്റർ പരിധിയിലുള്ള ഒരു ടൺ അയിരിൽ പരമാവധി 138 ഗ്രാം സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 3 ഡി ജിയോളജിക്കൽ മോഡലിംഗ് പോലുള്ള പുതിയ അയിര് പ്രോസ്പെക്ടിങ് സാങ്കേതികവിദ്യകൾ സൈറ്റിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയുടെ ഹെഡ് ലിയു യോങ്‌ജുനിനെ ഉദ്ധരിച്ച് സിജിടിഎൻ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Supergiant gold deposit discovered in central China's Hunan

To advertise here,contact us