എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾ സജീവം; കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം 50000 രൂപയായേക്കും

2024 ജൂലൈയിൽ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിന് മുമ്പ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത്തരമൊരു പ്രഖ്യാപനമുണ്ടായില്ല

കേന്ദ്രസർക്കാരിന്റെ എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾ വീണ്ടും സജീവമാകുന്നു. 2016 ജനുവരിയിൽ നിലവിൽ വന്ന എഴാം ശമ്പള കമ്മീഷന്റെ കാലാവധി 2026 ൽ പൂർത്തിയാകുന്നതോടെയാണ് പുതിയ ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. 2014 ൽ മൻമോഹൻ സിങ്ങ് സർക്കാരായിരുന്നു എഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. 2014 ൽ രൂപീകരിച്ച കമ്മീഷന്റെ ശുപാർശകൾ 2016 ജനുവരി 1 മുതലാണ് നടപ്പിലാക്കിയത്.

ആറാം ശമ്പള കമ്മീഷനിൽ 7000 രൂപയായിരുന്ന അടിസ്ഥാന ശമ്പളം എഴാം ശമ്പള കമ്മീഷനിൽ 18000 രൂപയാക്കി മാറ്റിയിരുന്നു. 2.57 ഫിറ്റ്‌മെന്റ് ഫാക്ടറാക്കിയായിരുന്നു ഈ പരിഷ്‌കരണം. എംപ്ലോയീസ് യൂണിയനുകൾ, 3.67 എന്ന ഉയർന്ന ഫിറ്റ്‌മെന്റ്‌ ഘടകം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അംഗീകരിച്ചില്ല.

പുതിയ ശമ്പള കമ്മീഷനിൽ 2.86 ഫിറ്റ്‌മെന്റ്‌ ഫാക്ടർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കണക്ക് അടിസ്ഥാനമാക്കി കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 51,480 രൂപയായി മാറിയേക്കും. നിലവിലെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 186 ശതമാനം വർധിച്ചാണ് 51,480 രൂപയായി അടിസ്ഥാന ശമ്പളം മാറുക. ശമ്പളത്തിന് കൂടെ പെൻഷൻ തുകയും ക്രമാനുഗതമായി ഉയരും. നിലവിലെ അടിസ്ഥാന പെൻഷൻ തുകയായ 9000 രൂപ വർധിച്ച് 25740 ആകുമെന്നാണ് കണക്കുകൂട്ടലുകൾ.

Also Read:

Business
സ്വർണം പണയം വെയ്ക്കാൻ പ്ലാൻ ഉണ്ടോ? ഇനി അത്ര എളുപ്പമല്ല!

നിലവിൽ എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2025 -26 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ നാഷണൽ കൗൺസിൽ യോഗത്തിന് ശേഷമായിരിക്കും ശമ്പള കമ്മീഷൻ എപ്പോൾ രൂപീകരിക്കുമെന്ന കാര്യം പ്രഖ്യാപിക്കുക. നിലവിൽ ഒരു കോടിയിലധികം കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരുമാണ് ഉള്ളത്. 2024 ജൂലൈയിൽ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിന് മുമ്പ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത്തരമൊരു പ്രഖ്യാപനമുണ്ടായില്ല.

Content Highlights: 8th Pay Commission Discussions Active minimum salary of central government employees maybe Rs 50000

To advertise here,contact us