സ്വർണത്തിന് പകരം ഉപയോഗിക്കുക ക്രിപ്‌റ്റോയോ? ട്രംപിന്റെ പുതിയ നീക്കത്തിന് പിന്നാലെ കുത്തനെ കയറി ക്രിപ്‌റ്റോകൾ

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഒറ്റയടിക്ക് 10 ശതമാനമാണ് ക്രിപ്‌റ്റോ കറൻസികളുടെ വില വർധിച്ചത്

അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിന് ക്രിപ്‌റ്റോ കറൻസിയുടെ കരുതൽ ശേഖരം ഒരുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കയുടെ കരുതൽ ശേഖരത്തിലേക്ക് ക്രിപ്‌റ്റോ കറൻസികൾ ശേഖരിക്കുമെന്ന് തിരഞ്ഞടുപ്പ് കാലത്ത് തന്നെ ട്രംപ് സൂചനകൾ നൽകിയിരുന്നു.

അധികാരമേറ്റതിന് പിന്നാലെ അഞ്ച് പ്രധാന ക്രിപ്‌റ്റോകൾ അമേരിക്കയുടെ കരുതൽ ശേഖരമായി ശേഖരിക്കുമെന്നാണ് നിലവിൽ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിറ്റ്‌കോയിൻ, എഥറിയം, എക്‌സ്ആർപി, സോളാന (എസ്ഒഎൽ), കാർഡാനോ (എഡിഎ) എന്നിവയാണ് ട്രംപ് ശേഖരിക്കുമെന്ന് പ്രഖ്യാപിച്ച കോയിനുകൾ.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഒറ്റയടിക്ക് 10 ശതമാനമാണ് ക്രിപ്‌റ്റോ കറൻസികളുടെ വില വർധിച്ചത്. സ്ട്രാറ്റജിക് ക്രിപ്‌റ്റോ റിസർവ് പ്രഖ്യാപിച്ചതോടെ ചില കറൻസികളുടെ വില 60 ശതമനത്തോളം ഉയർന്നിരുന്നു. രാജ്യങ്ങൾ സ്വർണമോ മറ്റ് ലോഹങ്ങളോ സാമ്പത്തിക അടിത്തറയ്ക്കായി കരുതൽ ശേഖരമായി സൂക്ഷിക്കാറുണ്ട്. ഇതിന് സമാനമായ രീതിയിലാണ് ക്രിപ്‌റ്റോകൾ കരുതൽ ധനമായി സൂക്ഷിക്കാൻ ട്രംപ് പദ്ധതിയിട്ടത്.

എന്നാല്‍ ട്രംപിന്റെ നിലവിലെ പദ്ധതിയുടെ യഥാർത്ഥ രൂപരേഖയെന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബിറ്റ്കോയിന്റെ വില ഞായറാഴ്ച ഉച്ചതിരിഞ്ഞ് 11% ത്തിലധികം ഉയർന്ന് 94,164 യുഎസ് ഡോളറിലെത്തിയിരുന്നു.

അതേസമയം ട്രംപിന്റെ തീരുമാനത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ബിറ്റ്‌കോയിൻ ഒഴികെയുള്ള ഡിജിറ്റൽ ആസ്തികൾ കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്തിയതിൽ താൻ അത്ഭുതപ്പെട്ടുവെന്നാണ് അസറ്റ് മാനേജർ കോയിൻഷെയേഴ്‌സിലെ ഗവേഷണ മേധാവി ജെയിംസ് ബട്ടർഫിൽ പ്രതികരിച്ചത്.

നേരത്തെ അധികാരത്തിൽ ഏറാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തന്റെ പേരിലുള്ള ക്രിപ്റ്റോകറൻസി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപ് മീം കോയിൻ എന്ന് പേരിട്ടിരിക്കുന്ന കോയിൻ ഔദ്യോഗികമായി ലോഞ്ച് ചെയ്തതിന് പിന്നാലെ 220 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രചാരണ റാലിക്കിടെ തനിക്കെതിരെ ഉണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ ട്രംപ് ഉയർത്തിയ മുദ്രാവാക്യമായ 'പോരാട്ടം, പോരാടുക, പോരാടുക' എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ കോയിനും പുറത്തിറക്കിയിരിക്കുന്നത്.

Also Read:

Health
അൽഷിമേഴ്‌സ് രോഗിയായി 19 വയസുകാരൻ! ഞെട്ടിപ്പിക്കുന്നതെന്ന് ഡോക്ടർമാർ

Content Highlights: trump’s crypto reserve use this five currency

To advertise here,contact us