ഇത് ഡിജിറ്റല് യുഗമാണ്. ഒന്ന് വിരല് ഞൊടിച്ചാല് എല്ലാ കാര്യങ്ങളും ഞൊടിയിടയില് ലഭിക്കുകയും ചെയ്യും. പണമിടപാടുകളായാലും യാത്രാ ടിക്കറ്റ് ബുക്കിംഗ് ആയാലും എന്ത് തരത്തിലുളള ഇടപാടുകളായാലും ഇക്കാലത്ത് ഈസിയായി സാധിച്ചെടുക്കാം. പക്ഷേ ഡിജിറ്റല് യുഗത്തില് ഡിജിറ്റല് തട്ടിപ്പുകളും വര്ധിച്ചുവരുന്നുണ്ട്. സമൂഹത്തിലെ ഉന്നതരും താഴേക്കിടയില് ഉള്ളവരും ഒരുപോലെ ഈ തട്ടിപ്പിന് ഇരയാകുന്നുമുണ്ട്. ഡിജിറ്റല് പണമിടപാട് നടത്തി ചതിയില്പ്പെട്ട ധാരാളം ആളുകളുടെ വാര്ത്തകള് നാം കേള്ക്കാറുണ്ട്. ഇത്തരത്തിലുള്ള വ്യാജന്മാരുടെ പിടിയില് എങ്ങനെ പെടാതിരിക്കാം ? അതിനുള്ള മാര്ഗങ്ങള് എന്തൊക്കെയാണ്?
നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം പരിശോധിക്കാതെ വായ്പകള് നല്കുക, പെട്ടന്ന് വായ്പ അനുവദിച്ചുതരിക, വളരെ കുറഞ്ഞ പലിശ ഇവയെല്ലാം തട്ടിപ്പിന്റെ സൂചനകളായിരിക്കും. മാത്രമല്ല ഒരു നിശ്ചിത കാലത്തേക്ക് മാത്രം എന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന ലോണ് ഓഫറുകളില് പലപ്പോഴും അപകടം കാത്തിരിക്കുന്നുണ്ട്. നമുക്ക് പണത്തിനുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ മുതലെടുക്കുകയാണ് ഇവിടെ തട്ടിപ്പുകാര് ചെയ്യുന്നത്.
പ്രോസസിംഗ് ഫീസില് അടക്കം ഡിസ്കൗണ്ടുകളും ഇവര് വാഗ്ധാനം ചെയ്തേക്കാം. വളരെ സുതാര്യമായി ബിസിനസ് ചെയ്യുന്നവര് ഇത്തരത്തിലുളള ഓഫറുകള് നല്കാറില്ല. അഡ്രസില്ലാതിരിക്കുക, ഒരു ഓഫീസ് ഇല്ലാതിരിക്കുക തുടങ്ങിയവയൊക്കെ തട്ടിപ്പുകാരെ തിരിച്ചറിയാനുള്ള മാര്ഗ്ഗങ്ങളാണ്. ടാക്സ്, ഇന്ഷുറന്സ്, പ്രോസസിംഗ് ചാര്ജുകള് എന്നിവ നല്കാതെ ലോണ് നല്കാന് സാധിക്കില്ല എന്നുപറയുന്നതായിരിക്കും തട്ടിപ്പുകാര്ക്കുള്ള മറ്റൊരു പ്രത്യേകത. കൂടാതെ ഇവര് വ്യക്തിഗത വിവരങ്ങളായ പാന്കാര്ഡ്, ആധാര് കാര്ഡ് നമ്പറുകള് തുടങ്ങിയ വിവരങ്ങള് ആവശ്യപ്പെടുകയും ചെയ്യും.