പിഎഫ് തുക ഈസിയായി പിന്‍വലിക്കാം ഓണ്‍ലൈനായും ഓഫ് ലൈനായും

പിഎഫ് തുക പിന്‍വലിക്കാന്‍ ചില ലളിതമായ ഘട്ടങ്ങള്‍ മാത്രമേയുള്ളൂ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) സ്ഥാപിച്ച എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ശമ്പളക്കാരായ വ്യക്തികള്‍ക്ക് പണം സ്വരുക്കൂട്ടാനുള്ള ഒരു മാര്‍ഗമാണ്. വിരമിച്ചതിനുശേഷം വ്യക്തികളുടെ സമ്പാദ്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ഈ പദ്ധതി പ്രകാരം തൊഴിലുടമയും ജീവനക്കാരും തുല്യമായി സംഭാവന ചെയ്യുന്നു. മുന്നോട്ട് പോകുമ്പോള്‍ ഫണ്ടിന് പലിശയും ലഭിക്കും.

ഇപിഎഫ് വിരമിച്ച ശേഷം പിന്‍വലിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും നിങ്ങള്‍ക്ക് ഫണ്ടുകള്‍ നേരത്തെ ആക്‌സസ് ചെയ്യാന്‍ സാധിക്കും. തുടര്‍ച്ചയായി രണ്ട് മാസം തൊഴില്‍ രഹിതനായി തുടരുകയാണെങ്കില്‍ ഒരു വ്യക്തിക്ക് ഇപിഎഫ് തുകയുടെ 100 ശതമാനം പിന്‍വലിക്കാന്‍ സാധിക്കും. ചികിത്സ, മക്കളുടെ വിവാഹം , വിദ്യാഭ്യാസം, വീട് വാങ്ങല്‍, ഭവനവായ്പ തിരിച്ചടവ്, വീട് പുതുക്കി പണിയല്‍ തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കായി ഇപിഎഫ് ഭാഗികമായി പിന്‍വലിക്കാന്‍ സാധിക്കും.

എങ്ങനെ ഓണ്‍ലൈനായി പിഎഫ് പിന്‍വലിക്കാം

  • ഇപിഎഫ്ഒ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
  • നിങ്ങളുടെ UAN നമ്പറും പാസ്വേഡും കൊടുത്ത് ലോഗിന്‍ ചെയ്യുക ''ഓണ്‍ലൈന്‍ സേവനങ്ങള്‍'' ക്ലിക്ക് ചെയ്ത് ''ക്ലെയിം (ഫോം-31, 19, 10C, & 10D)' തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കുക.
  • ''ഓണ്‍ലൈന്‍ ക്ലെയിമിനായി തുടരുക'' എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • ഇനി ആവശ്യമുള്ള പിന്‍വലിക്കല്‍ രീതി തിരഞ്ഞെടുക്കേണ്ടതുണ്ട്. പൂര്‍ണ്ണമായോ, ഭാഗികമായോ അല്ലെങ്കില്‍ പെന്‍ഷന്‍ പിന്‍വലിക്കല്‍ അങ്ങനെ.
  • പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുകയും പിന്‍വലിക്കാനുള്ള കാരണവും വ്യക്തമാക്കുക.
  • പിന്‍വലിക്കലിന്റെ ഉദ്ദേശ്യം അനുസരിച്ച് അനുബന്ധ രേഖകള്‍ അറ്റാച്ചുചെയ്യേണ്ടതുണ്ട്.
  • നിലവിലെ വിലാസം വ്യക്തമാക്കി ക്ലെയിം അഭ്യര്‍ത്ഥന സമര്‍പ്പിക്കുക.
  • ആധാറില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ഒരു OTP ലഭിക്കും. OTP പരിശോധന പൂര്‍ത്തിയാക്കാന്‍ OTP നല്‍കുക.

ഇപിഎഫ്ഒ നിങ്ങളുടെ ക്ലെയിം പ്രോസസ് ചെയ്യും. അത് അംഗീകരിക്കുകയാണെങ്കില്‍ തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഇടപാടുകള്‍ നടക്കാന്‍ 15 മുതല്‍ 20 ദിവസം വരെ എടുക്കും.

പിഎഫ് എങ്ങനെ ഓഫ്‌ലൈനായി പിന്‍വലിക്കാം

ഓഫ്‌ലൈനായി പിന്‍വലിക്കാനായി പിഎഫ് ഓഫീസ് സന്ദര്‍ശിച്ച് ഒരു ക്ലെയിം ഫോം സമര്‍പ്പിക്കേണ്ടതുണ്ട്. ഈ ഫോം രണ്ട് തരത്തിലാണ് ഉളളത്. ആധാര്‍ അടിസ്ഥാനമായുളളതും അല്ലാത്തതും. ആധാര്‍ അടിസ്ഥാനമായുള്ള ഫോം തിരഞ്ഞെടുക്കുകയാണെങ്കില്‍ തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല. എന്നാല്‍ UAN നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ലിങ്ക് ചെയ്യണം. എന്നാല്‍ ആധാര്‍ അടിസ്ഥാനമാക്കിയുളള ഫോമല്ല തിരഞ്ഞെടുക്കുന്നതെങ്കില്‍ തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമാണ്.

Content Highlights :PF amount can be withdrawn easily, online and offline

To advertise here,contact us