ഏപ്രിൽ ഒന്ന് മുതൽ പൊതുജനങ്ങൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട വലിയ മാറ്റങ്ങൾ വരാൻ പോകുകയാണ്. നികുതി, യുപിഐ പോലുള്ള പല അടിസ്ഥാന കാര്യങ്ങളിലാണ് മാറ്റങ്ങൾ വരുന്നത്. ഇത് കൂടാതെ ഏകീകൃത പെൻഷൻ പദ്ധതിയും പ്രാവൃത്തികമാകുകയാണ്. എന്തെല്ലാമാണ് മാറ്റങ്ങളെന്ന് വിശദമായി അറിയാം.
ഏകീകൃത പെൻഷൻ പദ്ധതിയാണ് ഒന്ന്. ഓഗസ്റ്റ് 2024ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏപ്രിൽ ഒന്നിനാണ് നിലവിൽ വരിക. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ പദ്ധതി ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. കുറഞ്ഞത് 25 വർഷം സർവീസിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക്, അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ പകുതി വരെ പെൻഷനായി കിട്ടുന്ന പദ്ധതിയാണിത്.
യുപിഐ സംവിധാനത്തിന്റെ സുരക്ഷയും മറ്റ് കാര്യങ്ങളും വർധിപ്പിക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചില നടപടികൾ എടുത്തിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകൾക്കും യുപിഐ പ്രൊവൈഡർമാർക്കും, ഉപയോഗശൂന്യമായ നമ്പറുകൾ നീക്കം ചെയ്യാനായുള്ള നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
ഉപയോഗശൂന്യമായ, എന്നാൽ യുപിഐ ആയി ലിങ്ക്ഡ് ആയ നമ്പറുകൾ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ഉപയോക്താവ് നമ്പറുകൾ മാറ്റുമ്പോഴോ, ഡീ ആക്ടിവേറ്റ് ചെയ്യുമ്പോഴോ പഴയ യുപിഐ നമ്പറുകൾ ആക്റ്റീവ് ആയിത്തന്നെ കിടക്കും. ഇത് തട്ടിപ്പുകാർ മുതലെടുക്കാൻ സാധ്യതയുണ്ട്.
പുതിയ നികുതി സ്ലാബുകളാണ് മറ്റൊന്ന്. ഈ വർഷത്തെ കേന്ദ്ര ബജറ്റിലാണ് ഇടത്തരക്കാർക്ക് ആശ്വാസമാകുന്ന വലിയ നികുതിയിളവ് പ്രഖ്യാപനം ഉണ്ടായത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതി അടക്കേണ്ട. 2014 ലെ ബജറ്റിലാണ് നികുതിയില്ലാത്ത വരുമാന പരിധി 2.5 ലക്ഷം രൂപയായി ഉയർത്തിയത്. പിന്നീട് 2019-ൽ 5 ലക്ഷം രൂപയായും 2023 ൽ ഇത് 7 ലക്ഷം രൂപയായും ഉയർത്തി. പുതിയ ബജറ്റിൽ നികുതി പരിധി 12 ലക്ഷമായി ഉയർത്തുകയായിരുന്നു. അതായത് പ്രതിമാസം ശരാശരി വരുമാനം 1 ലക്ഷം രൂപ. ഇതിനോടൊപ്പം സർക്കാർ പ്രഖ്യാപിച്ച 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ഉൾപ്പെടുത്തി 12.75 ലക്ഷം വരുമാനമുള്ളവർ നികുതി അടക്കേണ്ടതില്ല. അതായത് 1,06,250 രൂപവരെ വരുമാനം ഉള്ളവർ ഒറ്റ രൂപ പോലും നികുതി അടയ്ക്കേണ്ടതില്ല.
പുതിയ സാമ്പത്തികവർഷത്തിൽ ജിഎസ്ടിയിലും മാറ്റമുണ്ട്. നികുതിദായകർക്ക് കൂടുതൽ സുരക്ഷയൊരുക്കാനായി മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ ഉണ്ടാകും. 180 ദിവസത്തിന് താഴെയുള്ള രേഖകൾ വെച്ചുകൊണ്ടായിരിക്കും ഇ-വേ ബില്ലുകൾ നൽകുക. ഇവയ്ക്ക് പുറമെ പ്രൊമോട്ടർമാർ, ഡയറക്ടർമാർ എന്നിവർ ജിഎസ്ടി കേന്ദ്രങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കും.
Content Highlights: New changes to UPI, GST, Tax by April 1