പണം പിന്‍വലിക്കല്‍ മുതല്‍ യുപിഐ ഇടപാടുകള്‍ വരെ... അറിയാം ബാങ്കിംഗ് മേഖലയില്‍ വന്ന എല്ലാ മാറ്റങ്ങളും

2025 ഏപ്രില്‍ ഒന്ന് മുതല്‍ ബാങ്കിംഗ് നിയമങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വന്നിട്ടുള്ളത്

ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് പ്രധാനപ്പെട്ട മാറ്റങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ വന്നിട്ടുളളത്. അക്കൗണ്ട് സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുളളതാണ് ഈ മാറ്റങ്ങള്‍.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍ നിരക്കിലെ വ്യത്യാസം

ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എടിഎം ഇടപാട് ഫീസുകളില്‍ ബാങ്കുകള്‍ പരിഷ്‌കാരം നടത്തിയിട്ടുണ്ട്. അത് ഇങ്ങനെയാണ്, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ എണ്ണം കുറച്ചു. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം മൂന്ന് തവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. അതിന് ശേഷമുള്ള ഓരോ ഇടപാടിനും 20 മുതല്‍ 23 രൂപ വരെ അധികം ഫീസ് ഈടാക്കും.

മിനിമം ബാലന്‍സ്

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിലനിര്‍ത്തേണ്ട മിനിമം ശരാശരി ബാലന്‍സിലും മാറ്റങ്ങളുണ്ട്. മിനിമം ബാലന്‍സ് പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കും. അക്കൗണ്ടിന്റെ തരം , ബാങ്ക് ശാഖ സ്ഥിതി ചെയ്യുന്നത് മെട്രോ നഗരത്തിലോ ഗ്രാമത്തിലാണോ എന്നതിനെ ആശ്രയിച്ച് ഒക്കെ മിനിമം ബാലന്‍സ് വ്യത്യാസപ്പെടും.

പോസിറ്റീവ് പേ നടപ്പാക്കല്‍

ബാങ്കിംഗ് തട്ടിപ്പുകള്‍ തടയാനാണ് ആര്‍ബിഐ നിര്‍ദ്ദേശിച്ച പോസിറ്റീവ് പേ സിസ്റ്റം പല ബാങ്കുകളും ഏര്‍പ്പെടുത്തുന്നത്. 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്ക് ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ ചെക്കിന്റെ വിശദാംശങ്ങള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ ബാങ്കിന് നല്‍കണം. പേമെന്റിന് മുന്‍പ് ഈ വിവരങ്ങള്‍ പരിശോധിക്കപ്പെടും. നല്‍കുന്ന വിവരങ്ങളില്‍ എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കും.

ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയിലെ മാറ്റങ്ങള്‍

മെച്ചപ്പെട്ട ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നടപ്പിലാക്കാന്‍ ബാങ്കിംഗ് മേഖലിയില്‍ വലിയ മാറ്റങ്ങളാണ് വരുന്നത്. AI ചാറ്റ്‌ബോട്ടുകള്‍ , മെച്ചപ്പെട്ട മൊബൈല്‍ സേവനങ്ങള്‍, ഡിജിറ്റല്‍ ഉപദേശങ്ങള്‍ എന്നിവയൊക്കെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കൂടാതെ പണമിടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷനും ബയോ മെട്രിക് വേരിഫിക്കേഷനും ശക്തമാകും.

സേവിംഗ്‌സ് അക്കൗണ്ട്, എഫ് ഡി പലിശ ഇവയിലെ പലിശ നിരക്ക്

പല ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കുകള്‍ പുതുക്കിയിട്ടുണ്ട്. എച്ച് ഡി എഫ് സി ബാങ്ക് അതിന്റെ പ്രത്യേക FD പദ്ധതി നിര്‍ത്തലാക്കി. മാത്രമല്ല പൊതുജനങ്ങള്‍ക്ക് 10 മുതല്‍ 21 മാസം വരെ കാലാവധിയില്‍ 7.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. യെസ് ബാങ്ക് 7.98 ശതമാനം വരെ പലിശ നല്‍കുന്ന FD നിരക്കുകള്‍ പ്രഖ്യാപിച്ചു.

ഏകീകൃത പെന്‍ഷന്‍ പദ്ധതി

പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) മാറ്റി സ്ഥാപിച്ചിരുന്ന എന്‍പിഎസിന് പകരമായി പ്രവര്‍ത്തിക്കാന്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) 2024 ല്‍ ഓഗസ്റ്റില്‍ പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ ഒന്ന് മുതല്‍ യുപിഎസ് നടപ്പിലാക്കി തുടങ്ങും. ഈ പദ്ധതി പ്രകാരം കുറഞ്ഞത് 25 വര്‍ഷത്തെ സേവന കാലാവധിയുളള ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുന്‍പുളള അവസാന 12 മാസത്തെ സേവനത്തില്‍ നിന്ന് കണക്കാക്കിയ ശരാശരി അടിസ്ഥാന വരുമാനത്തിന്റെ 50 ശതമാനം തുക പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

യുപിഐ ഇടപാടുകളില്‍ നിയന്ത്രണം

യുപിഐ അക്കൗണ്ടുകളുമായി ലിങ്ക് ചെയതിരിക്കുന്നതും ദീര്‍ഘകാലമായി ഉപയോഗിക്കാത്തതുമായ മൊബൈല്‍ നമ്പറുകളും ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഉപയോഗശൂന്യമായ ഈ നമ്പറുകളിലേക്കുള്ള യുപിഐ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

Content Highlights :Know all the changes that have come in the banking sector, from ATM withdrawals to UPI transactions. What changes have come in banking laws since April 1, 2025?

To advertise here,contact us