വിവാഹ, ചികിത്സാ ആവശ്യങ്ങള്‍ക്ക് പിഎഫ് തുക പിന്‍വലിക്കുമ്പോള്‍; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പിഎഫ് പിന്‍വലിക്കാനായി അപേക്ഷിക്കുന്നതിനു മുന്‍പ് അതിനുളള എലിജിബിലിറ്റി, ലിമിറ്റുകള്‍, അത് റിട്ടയര്‍മെന്റ് സേവിംഗ്‌സില്‍ ഉണ്ടാക്കാനിടയുളള ആഘാതം തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

ഇപിഎഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) ജനപ്രിയ റിട്ടയര്‍മെന്റ് സേവിംഗ് സ്‌കീമുകളില്‍ ഒന്നാണെങ്കിലും ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങല്‍ അല്ലെങ്കില്‍ നിര്‍മ്മാണം, മെഡിക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കുമാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുളളു. പിഎഫ് പിന്‍വലിക്കാനായി അപേക്ഷിക്കുന്നതിനു മുന്‍പ് അതിനുളള എലിജിബിലിറ്റി, ലിമിറ്റുകള്‍, അത് റിട്ടയര്‍മെന്റ് സേവിംഗ്‌സില്‍ ഉണ്ടാക്കാനിടയുളള ആഘാതം തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

വിവാഹത്തിനും തുടര്‍പഠനത്തിനുമായി പിഎഫ് പിന്‍വലിക്കണമെങ്കില്‍ നിങ്ങള്‍ കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും ഇപിഎഫ് അംഗമായിരിക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ കുറഞ്ഞത് 1000 രൂപയെങ്കിലും ഉണ്ടായിരിക്കണം. പലിശയുള്‍പ്പെടെ 50 ശതമാനം വരെ പിന്‍വലിക്കാനാകും. വിവാഹത്തിനും വിദ്യാഭ്യാസത്തിനുമായി ആകെ മൂന്നുതവണ മാത്രമേ തുക പിന്‍വലിക്കാന്‍ സാധിക്കുകയുളളു. നിങ്ങളുടെ സ്വന്തം വിവാഹത്തിനോ സഹോദരങ്ങളുടെയോ മക്കളുടെയോ വിവാഹത്തിനോ ആയി പിഎഫ് തുക പിന്‍വലിക്കാനാകും. എന്നാല്‍ മകന്റെയോ മകളുടെയോ പത്താം ക്ലാസിനു ശേഷമുളള പഠനത്തിനായി മാത്രമേ തുക ലഭിക്കുകയുളളു.

പിഎഫ് ഉപയോഗിച്ച് വീട് വാങ്ങാനോ നിര്‍മ്മിക്കാനോ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും ചില വ്യവസ്ഥകളുണ്ട്. വീടും സ്ഥലവും നിങ്ങളുടെയോ നിങ്ങളുടെ പങ്കാളിയുടെയോ പേരിലോ അല്ലെങ്കില്‍ സംയുക്തമായ ഉടമസ്ഥതയിലോ ആയിരിക്കണം. പ്രസ്തുത വസ്തുവിന്മേല്‍ നിയമപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാനും പാടില്ല. കുറഞ്ഞത് 5 വര്‍ഷമെങ്കിലും ഇപിഎഫ് അംഗമായിരിക്കണം.

ഇനി നിങ്ങളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് തുക പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കുറച്ചുകൂടി ഇളവുകളുണ്ടാകും. ചേര്‍ന്ന ഉടന്‍ തന്നെ വേണമെങ്കിലും പിന്‍വലിക്കാനാകും. മെഡിക്കല്‍ കാരണങ്ങളാണെങ്കില്‍ തുക പിന്‍വലിക്കുന്നതിന് പരിധിയില്ല. എന്നാല്‍ ലഭിക്കാവുന്ന പരമാവധി തുക ആറ് മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും നിങ്ങളുടെ മൊത്തം ഇപിഎഫ് ബാലന്‍സുമായിരിക്കും.

എങ്ങനെ ഇപിഎഫ് തുക പിന്‍വലിക്കാം

നിങ്ങളുടെ ഇപിഎഫ് തുക ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പിന്‍വലിക്കാനാകും. ഓണ്‍ലൈനായാണ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ www.epfindia.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. UAN മെനുവിന് കീഴിലുളള 'Claim' വിഭാഗത്തിലേക്ക് പോവുക. 'Request for Advance' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Reason തെരഞ്ഞെടുക്കണം. ശേഷം റിക്വസ്റ്റ് സബ്മിറ്റ് ചെയ്യാം. പിന്നീട് റിക്വസ്റ്റ് സ്റ്റാറ്റസ് ഓണ്‍ലൈനായി ട്രാക്ക് ചെയ്യണം. വെരിഫിക്കേഷനുവേണ്ടി ചിലപ്പോള്‍ സ്‌കാന്‍ ചെയ്ത ചെക്ക് ലീഫ് അപ്‌ലോഡ് ചെയ്യേണ്ടിവന്നേക്കാം.

ഇനി ഓഫ്‌ലൈനായാണ് തുക പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ അടുത്തുളള EPFO ഓഫീസ് സന്ദര്‍ശിച്ച് ആവശ്യമായ രേഖകളും ഫിസിക്കല്‍ വിത്ത്‌ഡ്രോവല്‍ ഫോമും സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ക്ലെയ്മുകള്‍ പ്രോസസ് ആവാന്‍ ഏകദേശം മൂന്നോ നാലോ ദിവസങ്ങളാണ് എടുക്കുക. ഓഫ്‌ലൈന് ക്ലെയ്മുകള്‍ക്ക് 10 മുതല്‍ 12 ദിവസംവരെ എടുക്കും.

Content Highlights: Criterias we should know before withdrawing EPF

To advertise here,contact us