രാജ്യത്ത് ആദ്യമായി ട്രെയിനിനുള്ളില് എടിഎം സ്ഥാപിച്ച് സെന്ട്രല് റെയില്വേ. പരീക്ഷണാടിസ്ഥാനത്തില് മുംബൈ-മന്മദ് പഞ്ചവടി എക്സ്പ്രസിലാണ് എടിഎം സ്ഥാപിച്ചത്. പരീക്ഷണ ഓട്ടം വിജയമായതിനെ തുടര്ന്ന് അധികം വൈകാതെ തന്നെ യാത്രക്കാര്ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര് അറിയിച്ചു.
കോച്ചിന്റെ പിന്ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം ഘടിപ്പിച്ചിരിക്കുന്നത്. ട്രെയിന് നീങ്ങുമ്പോള് സുരക്ഷ ഉറപ്പാക്കാന് ഒരു ഷട്ടര് വാതിലും നല്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ഇഗത്പുരിക്കും കസാരയ്ക്കും ഇടയിലുള്ള ചെറിയ സമയത്തെ നെറ്റ്വര്ക്ക് നഷ്ടം ഒഴികെ ട്രയല് സുഗമമായി നടന്നതായി ഇന്ത്യന് റെയില്വേ ഉദ്യോഗസ്ഥര് പറഞ്ഞു. മന്മദ് റെയില്വേ വര്ക്ക്ഷോപ്പിലാണ് എടിഎം സ്ഥാപിക്കുന്നതിനായി കോച്ചില് മാറ്റങ്ങള് വരുത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്മിനലിനും അയല് ജില്ലയായ നാസിക് ജില്ലയിലെ മന്മദ് ജങ്ഷനും ഇടയില് ദിവസേന സര്വീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്സ്പ്രസ്.
Content Highlights: atm inside the train railways successfully completes trial run