ആഷസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

അഞ്ചാം വിക്കറ്റിലെ സ്റ്റോക്സ് - ഡക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിൻ്റെ വിധി നിർണയിക്കും

ലോഡ്സ്: രണ്ടാം ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റിന് 114 റൺസെന്ന നിലയിലാണ്. മത്സരം വിജയിക്കാൻ ഇംഗ്ലണ്ടിന് ഇനി 257 റൺസ് കൂടെ വേണം. അർദ്ധ സെഞ്ചുറിയുമായി ക്രിസിലുള്ള ബെൻ ഡക്കറ്റ്, നായകൻ ബെൻ സ്റ്റോക്സ് എന്നിവരുടെ ബാറ്റിങ്ങാവും ഇംഗ്ലണ്ടിൻ്റെ വിധി നിർണയിക്കുക.

ഒരവസരത്തിൽ 4ന് 45 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഡക്കറ്റ് - സ്റ്റോക്സ് സഖ്യം ഒന്നിച്ചതോടെയാണ് ഇംഗ്ലണ്ട് സ്കോർ മുന്നോട്ട് നീങ്ങിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 69 റൺസ് ഇതിനോടകം കൂട്ടിച്ചേർത്തു. രണ്ട് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് തുടക്കത്തിലെ ഇംഗ്ലീഷ് തകർച്ചയ്ക്ക് കാരണം.

നേരത്തെ 2 ന് 130 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് പു:നരാരംഭിച്ചത്. ആദ്യ മണിക്കൂറിൽ ഓസീസ് മെല്ലെ സ്കോർ ഉയർത്തി. എന്നാൽ ഇംഗ്ലണ്ട് ബൗൺസറുകൾ പരീക്ഷിച്ചതോടെ ഓസീസ് വിക്കറ്റുകൾ വീണു തുടങ്ങി. 187 ൽ നിൽക്കെയാണ് ഓസ്ട്രേലിയയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായത്. പിന്നീട് 92 റൺസ് നേടിയപ്പോഴേയ്ക്കും അവശേഷിച്ച വിക്കറ്റുകൾ കൂടി നഷ്ടമായി. 77 റൺസെടുത്ത ഉസ്മാൻ ഖവാജയാണ് ഓസ്ട്രേലിയൻ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബോർഡ് നാല് വിക്കറ്റെടുത്തു.

To advertise here,contact us