കാലിന് പരിക്ക്; ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ ആഷസ് ടൂർണമെന്റിൽ നിന്ന് പുറത്ത്

മൂന്നാം ടെസ്റ്റിൽ ലിയോണിന് പകരം ഓഫ് സ്പിന്നർ ടോഡ് മർഫി എത്തുമെന്നാണ് സൂചന

ലണ്ടന്: ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റനും സ്പിന്നറുമായ ലിയോൺ നഥാന് ആഷസ് ടൂർണമെന്റിൽ നിന്ന് പുറത്ത്. വലത് കാലിന് പരിക്കേറ്റ സാഹചര്യത്തിലാണ് നഥാന് ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില് മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്.

ആഷസില് രണ്ടാം ടെസ്റ്റിനിറങ്ങിയതോടെ തുടര്ച്ചയായ നൂറാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്ന ആദ്യ സ്പിന്നറെന്ന റെക്കോര്ഡ് സ്വന്തമാക്കിയ താരമാണ് നഥാന് ലിയോണ്. ആഷസിലെ ആദ്യ ടെസ്റ്റില് എട്ട് വിക്കറ്റ് എടുത്ത ലിയോണ് രണ്ടാം ഇന്നിംഗ്സില് പാറ്റ് കമ്മിന്സിനൊപ്പം ചേര്ന്ന് ഓസീസിന്റെ വിജയശില്പ്പിയാവുകയും ചെയ്തിരുന്നു. രണ്ടാം ദിനത്തിലെ അവസാന ഓവറുകളിലാണ് താരത്തിന് പരിക്കേറ്റത്. ലിയോൺ ഓസ്ട്രേലിയയിലേക്ക് മടങ്ങുമോ അതോ ഇംഗ്ലണ്ടിൽ തന്നെ തുടരുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

മൂന്നാം ടെസ്റ്റിൽ ലിയോണിന് പകരം ഓഫ് സ്പിന്നർ ടോഡ് മർഫി എത്തുമെന്നാണ് സൂചന. പന്ത്രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള 22 കാരനായ മർഫി ഈ വർഷമാദ്യം ഇന്ത്യയിൽ നടന്ന തന്റെ കന്നി ടെസ്റ്റ് പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വ്യാഴാഴ്ച ആഷസ് ടൂർണമെന്റിലെ മൂന്നാമത്തെ മത്സരം നടക്കും. 2013 ലെ ലോർഡ്സിന് ശേഷം ലിയോൺ നഷ്ടപ്പെടുത്തുന്ന ആദ്യ ടെസ്റ്റാണ് ഹെഡിംഗ്ലിയിൽ നടക്കുന്ന മത്സരം.

To advertise here,contact us