ഹരാരെ: ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്തായെങ്കിലും ആശ്വാസ വിജയം നേടി വിന്ഡീസ്. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില് ഒമാനെയാണ് വിന്ഡീസ് പരാജയപ്പെടുത്തിയത്. ഏഴ് വിക്കറ്റിനാണ് വിന്ഡീസിന്റെ വിജയം. ഒമാന് ഉയര്ത്തിയ 222 റണ്സെന്ന വിജയലക്ഷ്യം 39.4 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് മറികടക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒമാന് 50 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്സെടുത്തത്. വിന്ഡീസ് പേസര് റൊമാരിയോ ഷെപ്പേര്ഡും കെയ്ല് മെയേഴ്സും ചേര്ന്ന് ഒമാനെ എറിഞ്ഞിടുകയായിരുന്നു. ഷെപ്പേര്ഡ് പത്ത് ഓവറില് 44 റണ്സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. മെയേഴ്സ് ഏഴ് ഓവറില് 31 റണ്സ് എടുത്ത് രണ്ട് വിക്കറ്റാണെടുത്തത്. 65 പന്തില് 53 റണ്സെടുത്ത് പുറത്താകാതെ നിന്ന സൂരജ് കുമാറാണ് ഒമാന്റെ ടോപ് സ്കോറര്. 54 പന്തില് 50 റണ്സെടുത്ത ശൊഐബ് ഖാനും സൂരജ് കുമാറും ചേര്ന്നാണ് ഒമാനെ 200 കടത്തിയത്.
222 റണ്സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ വിന്ഡീസിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഓപ്പണര് ജോണ്സണ് ചാള്സ് വെറും നാല് റണ്സെടുത്ത് കൂടാരം കയറി. കീസി കാര്ട്ടി 49 പന്തില് 29 റണ്സ് നേടി പിന്നീട് ക്രീസിലുറച്ചു. 104 പന്തില് 100 റണ്സെടുത്ത ബ്രാണ്ടന് കിംഗും കീസി കാര്ട്ടിയും ചേര്ന്ന് വിന്ഡീസിന്റെ സ്കോര് ബോര്ഡ് ചലിപ്പിച്ചു. കാര്ട്ടി പുറത്തായ ശേഷം ക്രീസിലെത്തിയ ഷായ് ഹോപ് 65 പന്തില് 63 റണ്സ് സംഭാവന നല്കി. ബ്രാണ്ടന് കിംഗ് കൂടാരം കയറിയപ്പോള് എത്തിയ നിക്കോളാസ് പൂരന് 19 റണ്സെടുത്തതോടെ വിന്ഡീസ് വിജയം ഉറപ്പിച്ചു.
ലോകകപ്പ് യോഗ്യത റൗണ്ടില് സ്കോട്ട്ലാന്ഡിനോട് തോറ്റതോടെ വിന്ഡീസ് പുറത്തായിരുന്നു. ഹരാരെ സ്പോര്ട്സ് ക്ലബില് നടന്ന മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്ഡീസ് 181 റണ്സിന് ഓള് ഔട്ടാകുകയായിരുന്നു. ഇതാദ്യമായാണ് വെസ്റ്റ് ഇന്ഡീസ് ഏകദിന ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്താകുന്നത്. യോഗ്യതാ റൗണ്ടില് ഒരു മത്സരം പോലും ജയിക്കാന് വിന്ഡീസിന് കഴിഞ്ഞിരുന്നില്ല. നേരത്തെ നെതര്ലാന്ഡ്സിനോടും സിംബാബ്വെയോടും കരീബിയന് ടീം തോറ്റിരുന്നു.