ആഷസിൽ ഇംഗ്ലണ്ട് മുന്നോട്ട്; മൂന്നാം ദിനം 377 റൺസ് ലീഡ്

ജോണി ബെയർസ്റ്റോ പുറത്തായതോടെയാണ് ഇംഗ്ലണ്ടിൻ്റെ തകർച്ച തുടങ്ങിയത്

ഓവൽ: ആഷസ് അവസാന ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിവസം സ്റ്റംമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 389 റൺസെടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് 377 റൺസിൻ്റെ ലീഡ് നേടി. മത്സരം അവസാനിക്കാൻ ഇനിയും രണ്ട് ദിവസം ബാക്കിയുണ്ട്. നാലാം ദിനം രാവിലെ കഴിയുന്ന അത്ര ലീഡ് ഉയർത്താനാവും ഇംഗ്ലണ്ടിൻ്റെ ശ്രമം.

മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് കരുതലോടെയാണ് മുന്നേറിയത്. ആദ്യ വിക്കറ്റിൽ ബെൻ ഡക്കറ്റും സാക്ക് ക്രൗളിയും 79 റൺസ് കൂട്ടിച്ചേർത്തു. സാക്ക് ക്രൗളി 73 റൺസെടുത്ത ശേഷമാണ് പുറത്തായത്. 91 റൺസെടുത്ത ജോ റൂട്ടിന് അർഹിക്കുന്ന സെഞ്ചുറി നഷ്ടമായി. ജോണി ബെയർസ്റ്റോ 78 റൺസെടുത്ത് റൂട്ടിന് മികച്ച പിന്തുണ നൽകി. ആറാമനായി ബെയർസ്റ്റോ പുറത്തായതോടെയാണ് ഇംഗ്ലണ്ടിൻ്റെ തകർച്ച തുടങ്ങിയത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാലും ടോഡ് മർഫി മൂന്നും വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 283 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 295 റൺസെടുത്തു. 12 റൺസിൻ്റെ ലീഡാണ് ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ നേടിയത്. രണ്ട് ദിവസം ബാക്കി ഉണ്ടെങ്കിലും ഓസ്ട്രേലിയയ്ക്ക് മുന്നിൽ നാലാം ഇന്നിംഗ്സിൽ വലിയ വിജയ ലക്ഷ്യം വരുമെന്ന് ഉറപ്പാണ്.

To advertise here,contact us