ആഷസിനുശേഷം കളമൊഴിയുമെന്ന് സ്റ്റുവര്ട്ട് ബ്രോഡ്; അപ്രതീക്ഷിത പ്രഖ്യാപനവുമായി ഇംഗ്ലണ്ട് ഇതിഹാസം

ടെസ്റ്റ് ക്രിക്കറ്റില് ഏറ്റവും കൂടുതല് വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ പേസറും അഞ്ചാമത്തെ ബൗളറുമാണ് 37കാരനായ സ്റ്റുവര്ട്ട് ബ്രോഡ്

ലണ്ടന്: അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്റെ സ്റ്റാര് പേസ് ബൗളര് സ്റ്റുവര്ട്ട് ബ്രോഡ്. ഓവലില് നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റോടെ ബ്രോഡ് ക്രിക്കറ്റിനോട് വിടപറയും. 17 വര്ഷത്തെ കരിയറിനാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസര്മാരിലൊരാളായ ബ്രോഡ് വിരാമമിടുന്നത്. ഇപ്പോള് നടക്കുന്ന ആഷസ് പരമ്പരയിലൂടെ തന്റെ ടെസ്റ്റ് കരിയറില് 600 വിക്കറ്റുകള് നേടിയാണ് ബ്രോഡ് കളമൊഴിയുന്നത്. ടെസ്റ്റ് ക്രിക്കറ്റില് ഏറ്റവും കൂടുതല് വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ പേസറും അഞ്ചാമത്തെ ബൗളറുമാണ് 37കാരനായ സ്റ്റുവര്ട്ട് ബ്രോഡ്.

മത്സരത്തിന്റെ മൂന്നാം ദിനം സ്റ്റംപ് എടുത്തതിന് ശേഷമാണ് ആരാധകരെ ഞെട്ടിച്ച് സ്റ്റുവര്ട്ട് ബ്രോഡ് വിരമിക്കല് തീരുമാനം അറിച്ചത്. 'ആഷസ് പരമ്പരയില് അടുത്ത ദിവസം നടക്കുന്ന അഞ്ചാം ടെസ്റ്റായിരിക്കും എന്റെ കരിയറിലെ അവസാന ക്രിക്കറ്റ് മത്സരം. മനോഹരമായ ഒരു യാത്രയായിരുന്നു ഇത്. നോട്ടിംഗ്ഹാംഷയറിന്റെയും ഇംഗ്ലണ്ടിന്റെയും ബാഡ്ജ് അണിയാന് സാധിച്ചത് വലിയ ബഹുമതിയായാണ് ഞാന് കണക്കാക്കുന്നത്', ബ്രോഡ് പറഞ്ഞു. 'ആഷസ് ക്രിക്കറ്റുമായി ഗാഢമായ പ്രണയത്തിലാണ് ഞാന്. എന്റെ അവസാന ബാറ്റിംഗും ബൗളിംഗും ആഷസില് തന്നെ വേണമെന്ന് ഞാന് ആഗ്രഹിച്ചിരുന്നു. ഇത് ശരിയായ സമയമാണെന്ന് തോന്നി', അദ്ദേഹം കൂട്ടിച്ചേര്ത്തു.

BREAKING 🚨: Stuart Broad announces he will retire from cricket after the Ashes ends. pic.twitter.com/dNv8EZ0qnC

2006 ഓഗസ്റ്റ് 28നാണ് മുന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് ബ്രോഡിന്റെ മകനായ സ്റ്റുവര്ട്ട് ബ്രോഡ് ആദ്യമായി ഇംഗ്ലണ്ടിന്റെ ദേശീയ കുപ്പായമണിയുന്നത്. ട്വന്റി 20 മത്സരത്തിലൂടെ അരങ്ങേറ്റം നടത്തിയ താരം പിന്നീട് ഏകദിന-ടെസ്റ്റ് ടീമുകളുടെ ഭാഗമാവുകയും ചെയ്തു. 2014ല് ട്വന്റി20 മത്സരത്തിലും 2016ല് ഏകദിനങ്ങളിലും വിരമിക്കല് പ്രഖ്യാപിച്ച ബ്രോഡ് പിന്നീട് ടെസ്റ്റ് ക്രിക്കറ്റില് മാത്രം ശ്രദ്ധ ചെലുത്തുകയായിരുന്നു. 121 ഏകദിനങ്ങളില് നിന്ന് 178 വിക്കറ്റുകളും 56 ട്വന്റി20 മത്സരങ്ങളില് നിന്ന് 65 വിക്കറ്റുകളും ബ്രോഡ് സ്വന്തമാക്കി.

കഴിഞ്ഞയാഴ്ച നടന്ന നാലാം ആഷസ് ടെസ്റ്റിലാണ് ബ്രോഡ് തന്റെ ടെസ്റ്റ് കരിയറിലെ വിക്കറ്റ് നേട്ടം 600 ആക്കി ഉയര്ത്തിയത്. പരമ്പരയില് ഒരു ഇന്നിംഗ്സ് ശേഷിക്കേ 20 വിക്കറ്റുകള് ബ്രോഡ് നേടിയിട്ടുണ്ട്. ആഷസില് 150ല് കൂടുതല് വിക്കറ്റുകള് നേടുന്ന മൂന്നാമത്തെ ബൗളര് എന്ന നേട്ടവും സ്വന്തമാക്കിയാണ് ബ്രോഡ് വിരമിക്കുന്നത്. പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോള് രണ്ട് റണ്സ് നേടി ബ്രോഡ് ക്രീസിലുണ്ട്. ജെയിംസ് ആന്ഡേഴ്സണാണ് കൂട്ട്. ഇംഗ്ലണ്ടിന് ഇപ്പോള് 377 റണ്സിന്റെ ലീഡുണ്ട്.

To advertise here,contact us