'ഇപ്പോഴത്തെ പാകിസ്താൻ ടീം ഭാഗ്യവാന്മാർ'; മുൻ പാക് താരം പറയുന്നു

1996ലെ ലോകകപ്പിന് ശേഷം പാകിസ്താൻ താരങ്ങൾ അനുഭവിച്ചത് കഠിനമായ അവസ്ഥയെന്നും മുൻ താരം

ഇസ്ലാമബാദ്: ഏകദിന ലോകകപ്പിലെ മോശം പ്രകടനം പാകിസ്താൻ ക്രിക്കറ്റിനെ മോശം അവസ്ഥയിലേക്കാണ് നയിച്ചിരിക്കുന്നത്. മുഖ്യസെലക്ടർ സ്ഥാനത്ത് നിന്ന് ഇൻസമാം ഉൾ ഹഖ് രാജിവെച്ചു. ബാബർ അസമിന്റെ നായക സ്ഥാനവും സംശയത്തിലാണ്. എന്നാൽ ഇപ്പോഴത്തെ പാകിസ്താൻ ടീം ഏറെ ഭാഗ്യവാന്മാരാണെന്നാണ് മുൻ താരം ആഖ്വിബ് ജാവേദിന്റെ അഭിപ്രായം. 1996ലെ ലോകകപ്പിന് ശേഷം പാകിസ്താൻ താരങ്ങൾ അനുഭവിച്ചത് കഠിനമായ അവസ്ഥയെന്നും മുൻ താരം ചൂണ്ടിക്കാട്ടി.

ലോകകപ്പിൽ തോൽവിയുമായി വരുന്ന ടീമിനെ വിമർശിക്കാൻപോലും അവകാശമില്ലേ? 1996ലെ ലോകകപ്പിൽ ഇന്ത്യയോട് തോറ്റ ശേഷം നാട്ടിലേക്ക് വരാൻ പാക് ടീം ഭയപ്പെട്ടിരുന്നു. അന്നത്തെ താരങ്ങളുടെ വീടുകൾ തീവെച്ചു. മറ്റ് ചിലത് നശിപ്പിക്കപ്പെട്ടു. താരങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ചീമുട്ടയും തക്കാളിയും താരങ്ങൾക്ക് നേരെ എറിഞ്ഞു. ഇപ്പോഴത്തെ ടീം ഇതൊന്നും നേരിടുന്നില്ലെന്ന് ജാവേദ് ചൂണ്ടിക്കാട്ടി.

1996ലെ ലോകകപ്പിന് ശേഷം വിമാനത്താവളത്തിൽ നിന്ന് ബസിലേക്ക് നീങ്ങുമ്പോൾ ആൾക്കൂട്ടം ആക്രമിക്കാൻ എത്തി. ഒരു ജീപ്പിൽ വന്ന നാലംഗ സംഘം തന്നെ ആ വാഹനത്തിനുള്ളിലേക്ക് വലിച്ചുകയറ്റി. തന്നെ തട്ടിക്കൊണ്ടുപോകുന്നതായി കരുതി. അത് തന്റെ കസിനായിരുന്നു. അയാൾ പൊലീസിലായിരുന്നു. ജീപ്പിനുള്ളിൽ തന്റെ അവസ്ഥ കണ്ട് അവർ പരിഹസിച്ചതായും പാക് മുൻ താരം വ്യക്തമാക്കി.

To advertise here,contact us