പരമാവധി ശ്രമിച്ചു, ഇന്നത്തെ ദിവസം ഇന്ത്യയുടേതായിരുന്നില്ല; തോൽവിയിൽ പ്രതികരണവുമായി രോഹിത് ശർമ്മ

ട്രാവിസ് ഹെഡിന്റെയും മാർനസ് ലബുഷെയ്നിന്റെയും പ്രകടനം തടയാൻ കഴിഞ്ഞില്ലെന്നും രോഹിത് വ്യക്തമാക്കി.

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടു. ടീം ഇന്ത്യയെ പഠിച്ചുവന്ന ഓസ്ട്രേലിയൻ ടീമാണ് ഇന്ത്യൻ സ്വപ്നങ്ങൾ തകർത്തെറിഞ്ഞത്. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഓസീസ് ആറാം ലോകകിരീടം ചൂടി. 2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. കനത്ത തോൽവിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കഴിവിന്റെ പരമാവധി ശ്രമിച്ചുവെങ്കിലും ഫൈനൽ ദിനം ഇന്ത്യയ്ക്ക് അനുകൂലമായില്ലെന്നാണ് രോഹിത് ശർമ്മയുടെ വാക്കുകൾ.

കോഹ്ലിയും രാഹുലും ക്രീസില് ഉണ്ടായിരുന്നപ്പോള് ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. 270 മുതൽ 280 വരെ സ്കോർ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യൻ സ്കോർ 240 റൺസിലേക്ക് എത്തി. ഈ സ്കോർ പ്രതിരോധിക്കാൻ തുടക്കത്തിലെ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. എന്നാൽ ട്രാവിസ് ഹെഡിന്റെയും മാർനസ് ലബുഷെയ്നിന്റെയും പ്രകടനം തടയാൻ കഴിഞ്ഞില്ലെന്നും രോഹിത് വ്യക്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു. വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ചുറികൾ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. എന്നാൽ 43 ഓവറിൽ ഓസ്ട്രേലിയ അനായാസം ലക്ഷ്യം കണ്ടു.

To advertise here,contact us