അടുത്ത തലമുറയിലെ താരങ്ങൾ വിരാട് കോഹ്ലിയുടെ പിൻഗാമികൾ; അജിത്ത് അഗാർക്കർ

ബിസിസിഐ അക്കാദമികൾ ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതലാണ് കോഹ്ലിയുടെ കായികക്ഷമത

ഡൽഹി: ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഒരു ചോദ്യമാണ് ഉയരുന്നത്. വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ ഉണ്ടാകുമോ? എന്നതാണ് ആ ചോദ്യം. സൂപ്പർ താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കില്ലെന്നാണ് ഇപ്പോള് വരുന്ന സൂചനകൾ. അതിനിടെ വിരാട് കോഹ്ലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം മുഖ്യ സെലക്ടർ അജിത്ത് അഗാർക്കർ.

വിരാട് കോഹ്ലിയെ നോക്കു. അയാൾ സ്വയം ഒരു പ്രതിബദ്ധത ഏറ്റെടുത്തിരിക്കുന്നു. 15 വർഷത്തോളം നീണ്ട കരിയറിൽ കായികക്ഷമത കാത്തുസൂക്ഷിക്കുക വലിയ ബുദ്ധിമുട്ടാണ്. വിരാട് കായികക്ഷമത കാത്തുസൂക്ഷിക്കുന്നതിന്റെ ഗുണം ക്രിക്കറ്റ് ആരാധകർക്ക് കാണാൻ കഴിയും. ബിസിസിഐ അക്കാദമികൾ ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതലാണ് കോഹ്ലിയുടെ കായികക്ഷമതയെന്നും അഗാർക്കർ പറഞ്ഞു.

പുതിയ തലമുറയിലെ താരങ്ങൾ വേഗത്തിൽ കാര്യങ്ങൾ പഠിക്കും. 16-17 വയസുള്ളപ്പോൾ തന്നെ അവർ മികച്ച കായികക്ഷമതയുള്ളവർ ആയിരിക്കും. കാരണം വിരാട് കോഹ്ലിയെ പിന്തുടരുന്നവരാണ് ഇപ്പോഴത്തെ താരങ്ങൾ. അടുത്ത തലമുറയിലെ താരങ്ങൾ കോഹ്ലിയുടെ പിൻഗാമികളാവുമെന്നും അഗാർക്കർ വ്യക്തമാക്കി.

To advertise here,contact us