ഇന്ത്യൻ ടീമിന് വിദേശ പരിശീലകൻ; റിക്കി പോണ്ടിംഗും ഫ്ലെമിംഗും പരിഗണനയിൽ

ഓസ്ട്രേലിയൻ ഇതിഹാസം പോണ്ടിംഗും ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലമിങ്ങുമാണ് ബിസിസിഐയുടെ മുൻഗണനാ പട്ടികയിലുള്ളത്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകർ എത്താൻ സാധ്യത. പരിശീലകർക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും അന്തിമമായി രണ്ട് പേരിലേക്കാണ് ചർച്ച നീളുന്നത് എന്നാണ് ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലമിങ്ങുമാണ് ബിസിസിഐയുടെ മുൻഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയിൽ പരിശീലക റോളിലുള്ളവരാണ്. ഫ്ളമിംഗ് ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും റിക്കി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാൽ ഇവരിൽ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ട് വരാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതിനായി അടുത്ത ദിവസങ്ങളിൽ തന്നെ ബിസിസിഐ ചർച്ചകൾ പൂർത്തിയാക്കും. മൂന്ന് ഫോർമാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. ഇരുവരും ഇന്ത്യൻ ടീമിന്റെ പരിശീലന റോളിൽ താല്പര്യം കാണിക്കുന്നുണ്ടോ എന്ന് ആഗ്രഹിച്ചാവും പിന്നീടുള്ള കാര്യങ്ങൾ. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷാ സമർപ്പണത്തിന് സമയം നൽകിയിരിക്കുന്നത്.

ജൂണ് 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല് ദ്രാവിഡിന്റെ കാലാവധി തീരുന്നത്. തുടര്ന്നുള്ള 2025ലെ ചാമ്പ്യന്സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. അതേസമയം ദ്രാവിഡ് പരിശീലകനായി തുടരാന് സന്നദ്ധനാണെങ്കില് വീണ്ടും അപേക്ഷ നല്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇനി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദ്രാവിഡ്. 2021ലാണ് ദ്രാവിഡ് പരിശീലകനായെത്തുന്നത്. രാഹുലിന് കീഴില് 2022ല് ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിലെത്തി. തുടര്ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില് പ്രവേശിച്ചു.

ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചു; ബിസിസിഐ പറയുന്ന യോഗ്യതകള് ഇവ

To advertise here,contact us