ഐസിസി നിയമലംഘനം; ഡേവിഡ് മില്ലറിന് താക്കീത്

താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റ് ലഭിക്കുകയും ചെയ്തു

ആന്റിഗ്വ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറിന് ഐസിസിയുടെ താക്കീത്. ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അമ്പയറുടെ തീരുമാനത്തെ എതിർത്തതിനാണ് നടപടി. ഐസിസി നിയമങ്ങളുടെ ലംഘനത്തിന് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റ് ലഭിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ സൂപ്പർ എട്ട് മത്സരത്തിന്റെ 19-ാം ഓവറിലാണ് സംഭവം.

സാം കുറാൻ എറിഞ്ഞ പന്ത് മില്ലറുടെ അരക്കെട്ടിന് നേരെ വന്നു. പിന്നാലെ നോ ബോൾ വിളിക്കണമെന്ന് മില്ലർ ആവശ്യപ്പെട്ടു. എന്നാൽ നോ ബോൾ അല്ലെന്നായിരുന്നു അമ്പയറുടെ തീരുമാനം. ഇതോടെയാണ് തീരുമാനത്തിനെതിരെ മില്ലർ രംഗത്തുവന്നത്. തീരുമാനത്തോട് വിയോജിച്ച താരത്തിന്റെ നടപടിക്കെതിരെയാണ് ഐസിസിയുടെ താക്കീത്.

ജയിക്കാൻ ഇതിനേക്കാൾ മികച്ച ടീമില്ല; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മിച്ചൽ മാർഷ്

മത്സരത്തിൽ 28 പന്തിൽ 43 റൺസുമായി മില്ലർ തിളങ്ങിയിരുന്നു. നാല് ഫോറും രണ്ട് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിംഗ്സ്. മില്ലറെ കൂടാതെ ക്വിന്റൺ ഡി കോക്ക് 65 റൺസ് നേടി. ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക ഏഴ് റൺസിന്റെ വിജയവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. ഇംഗ്ലണ്ടിന്റെ മറുപടി ആറിന് 156 റൺസിൽ അവസാനിച്ചു.

To advertise here,contact us