ഒരവസരം കിട്ടിയാൽ പിന്നെ അത് മുതലാക്കി മത്സരം തന്റെ വരുതിയിലാക്കാൻ മിടുക്കനാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് എന്ന് നമ്മൾ പലവട്ടം കണ്ടതാണ്. അതിനാൽ അർധാവസരം പോലും കൈവിട്ട് കളയാതെ നോക്കണമെന്ന് എതിർടീമുകൾക്ക് നല്ല ബോധ്യമുണ്ട്. കഴിഞ്ഞ ദിനം ദുലീപ് ട്രോഫിയിലെ ആദ്യദിനം റിഷഭ് പന്ത് അങ്ങനെയൊരു അർധാവസരം നൽകിയപ്പോൾ ശുബ്മാൻ ഗിൽ പിന്നൊന്നും ചിന്തിച്ചില്ല. പറന്നങ്ങ് പിടിച്ചു!
SHUBMAN GILL.... YOU BEAUTY!- What a catch to dismiss Rishabh Pant. 🤯🔥pic.twitter.com/GkMsR8yAUb
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഗില്ലിന്റെ കഴിഞ്ഞ ദിനത്തെ ആ ക്യാച്ച്. ദുലീപ് ട്രോഫിയിൽ ഇന്ത്യ എ യും ഇന്ത്യ ബിയും തമ്മിലുള്ള മത്സരത്തിലായിരുന്നു ഗില്ലിന്റെ തകർപ്പൻ ക്യാച്ച് പിറന്നത്. മത്സരത്തിന്റെ മുപ്പത്തിആറാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. പേസ് ബോളറായ ആകാശ് ദീപ് എറിഞ്ഞ പന്ത് ഓഫ് സ്റ്റംപിനു വെളിയിലായിരുന്നു. കാർ ആക്സിഡന്റിനെ തുടർന്നുണ്ടായ പരിക്കിനു ശേഷം 21 മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം റെഡ് ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന റിഷഭ് പന്താണ് ബാറ്റ് ചെയ്യുന്നത്. ഒരു ലോഫ്റ്റഡ് ഷോട്ടിന് ശ്രമിക്കുന്ന പന്തിന് പിഴയ്ക്കുന്നു. പന്ത് മുകളിലേക്ക് ഉയർന്നു പൊങ്ങുന്നു. ആ സമയത്ത് മിഡോഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന ശുബ്മാൻ ഗിൽ പിറകിലേക്ക് ഓടുന്നു.
പന്ത് തന്റെ കൈയ്യകലത്തിനു അകലെയാണെന്നറിഞ്ഞപ്പോൾ ഗിൽ പിന്നെ ഒന്നും നോക്കിയില്ല. പിറകിലേക്ക് ഫുൾ സ്ട്രെച്ചിൽ ഡൈവ് ചെയ്ത് പന്ത് മനോഹരമായി കൈപ്പിടിയിലൊതുക്കുന്നു. കാണികളും ബാറ്ററായ പന്തും അന്തം വിട്ടുനിന്ന സമയമായിരുന്നു അത്. ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഈ ക്യാച്ച് വൈറലായി മാറിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ് ഗില്ലിന്റെ സാന്നിധ്യം. അതുപോലെ റിഷഭ് പന്തും പരിക്കിനു ശേഷം ടീമിലേക്ക് തിരിച്ചുവരാനായി ശ്രമിക്കുന്നുണ്ട്. ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തോടെ പന്തിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.