നോ ബോൾ തീരുമാനം തെറ്റെന്ന് ആരോപിച്ച് കൊച്ചി ബ്ലൂടൈഗേഴ്‌സ്; പരാതി നൽകി ടീം

നോ ബോൾ തീരുമാനം മത്സരഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായെന്നും ടീം പരാതിയിൽ അറിയിക്കുന്നു.

കേരള ക്രിക്കറ്റ് ലീ​ഗിൽ കൊല്ലം സെയിലേഴ്‌സിനെതിരായ മത്സരത്തിൽ കൊച്ചി ബ്ലൂടൈ​ഗേഴ്സ് താരം ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ എറിഞ്ഞ പന്ത് നോ ബോൾ വിളിച്ചതിനെതിരെ ടീം അധികൃതർ പരാതി നൽകി. 17-ാം ഓവറിന്റെ ആദ്യ ബോളാണ് വിവാദത്തിനിടയാക്കിയത്. അമ്പയറുടെ തീരുമാനം വേഗത്തിലായിരുന്നുവെന്നും അവലോകനം ചെയ്തപ്പോള്‍ ഇത് തെറ്റാണെന്നു കണ്ടെത്തിയതായും ടീം മാനേജ്‌മെന്റ് പ്രതികരിച്ചു. നോ ബോൾ തീരുമാനം മത്സരഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായെന്നും ടീം പരാതിയിൽ അറിയിക്കുന്നു.

നോ ബോള്‍ തീരുമാനം അവലോകനം ചെയ്യേണ്ട മൂന്ന് അമ്പയര്‍മാരും ഇത് അവഗണിച്ചു. ഇതിന് തൊട്ടടുത്ത പന്തിൽ കൊല്ലം സെയിലേഴ്സ് താരത്തിന്റെ നിർണായക ക്യാച്ച് ഫ്രീഹിറ്റായതിനാൽ വിക്കറ്റായി മാറിയില്ല. ആ വിക്കറ്റ് ലഭിച്ചിരുന്നെങ്കിൽ മത്സരഫലത്തിൽ തന്നെ മാറ്റമുണ്ടാകുമായിരുന്നുവെന്നും ബ്ലൂടൈ​ഗേഴ്സ് പരാതിയിൽ അറിയിക്കുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂടൈ​ഗേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തിരുന്നു. സിജോമോൻ ജോസഫിന്റെ അർദ്ധ സെഞ്ച്വറിയാണ് കൊച്ചിയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മറുപടി പറഞ്ഞ കൊല്ലം സെയിലേഴ്സ് സച്ചിൻ ബേബിയുടെ സെഞ്ച്വറി മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കേരള ക്രിക്കറ്റ് ലീ​ഗിലെ ആദ്യ സെഞ്ച്വറിയാണ് സച്ചിൻ ബേബി കുറിച്ചത്.

To advertise here,contact us