സൺഗ്ലാസിൽ മാസ് എൻട്രി, ഏഴാം പന്തിൽ ഡക്ക്; ശ്രേയസ് അയ്യർക്കെതിരെ ട്രോൾ മഴ

ക്യാപ്റ്റന്റെ ഉത്തരവാദിത്തം താരം കാണിച്ചില്ലെന്നും വിമര്‍ശനമുണ്ട്

പരിക്കുമൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയാണ് ശ്രേയസ് അയ്യര്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ 'ഡി'യുടെ ക്യാപ്റ്റനായ ശ്രേയസിന് പക്ഷേ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോള്‍ മഴയാണ്. മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനാണ് താരം ദുലീപ് ട്രോഫിക്കിറങ്ങിയത്. എന്നാല്‍, ഇന്ത്യ 'എ'യ്‌ക്കെതിരേ ഏഴാം പന്തില്‍ ഡക്കായി മടങ്ങുകയായിരുന്നു താരം.

ഡക്കായ ശ്രേയസ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ വിധമാണ് വിളിച്ചുവരുത്തിയത്. സണ്‍ഗ്ലാസ് ധരിച്ചായിരുന്നു താരത്തിന്റെ ക്രീസിലേക്കുള്ള വരവ്. ആറുപന്തുകള്‍ നേരിട്ട് ഏഴാം പന്തില്‍ ഖലീല്‍ അഹമ്മദിന് മുന്നില്‍ വീണതോടെ ശ്രേയസിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ക്യാപ്റ്റന്റെ ഉത്തരവാദിത്തം താരം കാണിച്ചില്ലെന്നും വിമര്‍ശനമുണ്ട്. നേരത്തെ ദുലീപ് ട്രോഫിയിലെ ആദ്യമത്സരത്തില്‍ 9, 54 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോർ. ബാറ്റിങ്ങിനിടെ ആരും തന്നെ സണ്‍ഗ്ലാസ് ധരിക്കുന്ന പതിവില്ല. പ്രത്യേകിച്ചും ഹെല്‍മറ്റ് ഉപയോഗിക്കുമ്പോള്‍. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 'എ' 290 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അതേ സമയം ഇന്ത്യ 'ഡി' ടീം ആദ്യ ഇന്നിങ്സിൽ നേടിയത് 183 റൺസ് മാത്രമാണ്. ദേവ്ദത്ത് പടിക്കലിന് മാത്രമാണ് ഇന്ത്യ 'എ' ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.

To advertise here,contact us