ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി നായകൻ ശ്രേയസ് അയ്യരെ തന്റെ മാജിക്കൽ പന്ത് കൊണ്ട് പുറത്താക്കി സ്പിന്നർ ഷംസ് മുലാനി. ആക്രമിച്ചുകളിക്കാൻ ശ്രമിച്ച അയ്യരുടെ കാലിനിടയിലൂടെയാണ് പന്ത് മൂവ് ചെയ്ത് ക്ലീൻ ബോൾഡാക്കിയത്. സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലാണ് ഈ വിക്കറ്റിന്റെ വീഡിയോ.
Another✌️ massive wickets for Shams Mulani 👌After Devdutt Padikkal, Mulani has picked up the big wickets of Shreyas Iyer & Sanju Samson who were looking ominous 🙌#DuleepTrophy | @IDFCFIRSTBankFollow the match ▶️: https://t.co/m9YW0HttaH pic.twitter.com/qIatJKr4QC
അയ്യർ വിചാരിച്ചതു പോലെയുള്ള ഇന്നിങ്സ് കളിക്കാൻ ഈ ഇന്നിങ്സിലും അദ്ദേഹത്തിന് സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ അയ്യർ ഈ ഇന്നിങ്സിൽ കുറച്ചുകൂടി പോസിറ്റീവായിട്ടാണ് തുടങ്ങിയത്. ആദ്യ ഇന്നിങ്സിൽ സണ്ഗ്ലാസ് ധരിച്ചായിരുന്നു താരത്തിന്റെ ക്രീസിലേക്കുള്ള വരവ്. ആറുപന്തുകള് നേരിട്ട് ഏഴാം പന്തില് ഖലീല് അഹമ്മദിന് മുന്നില് വീണതോടെ ശ്രേയസിന്റെ പുറത്താകല് സോഷ്യല് മീഡിയ ഏറ്റെടുത്തിരുന്നു. ക്യാപ്റ്റന്റെ ഉത്തരവാദിത്തം താരം കാണിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം.
രണ്ടാം ഇന്നിങ്സിൽ നാലാമനായി ബാറ്റിങ്ങിനിറങ്ങിയ ശ്രേയസ് മനോഹരമായ സ്ട്രോക് പ്ലേയിലൂടെ റൺസ് അതിവേഗം നേടിക്കൊണ്ടിരുന്നു. എന്നാൽ മുലാനിയെപ്പോലെയുള്ള ആഭ്യന്തരക്രിക്കറ്റിലെ വലിയ അനുഭവസമ്പത്തുള്ള ബോളർക്കു നേരെയുള്ള അമിത ആക്രമണ മനോഭാവം തന്നെയാണ് ശ്രേയസിനെ ചതിച്ചത്. നാൽപത്തിഏഴാം ഓവറിൽ മുലാനി എറിഞ്ഞ പന്ത് പതിവിലും താഴ്ന്ന് വന്നതോടെ വലിയ ഷോട്ടിന് ശ്രമിച്ച അയ്യരുടെ കാലിനിടയിലൂടെ ലെഗ് വിക്കറ്റിൽ പതിക്കുകയായിരുന്നു. മടങ്ങുമ്പോൾ 55 പന്തിൽ 41 റൺസായിരുന്നു അയ്യരുടെ സമ്പാദ്യം.
ദുലീപ് ട്രോഫിയിലും നിരാശപ്പെടുത്തിയതോടെ അയ്യരുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസിലെ മോശം പ്രകടനത്തെത്തുടർന്നാണ് അയ്യർക്ക് ഇന്ത്യൻ ടീമിലെ ഇടം നഷ്ടപ്പെട്ടത്. 14 ടെസ്റ്റുകളിൽ നിന്നായി 811 റൺസാണ് അയ്യരുടെ സമ്പാദ്യം. ഇതിൽ അരങ്ങേറ്റത്തിൽ നേടിയ സെഞ്ച്വറിയും ഉൾപ്പെടും.