കേരള ക്രിക്കറ്റ് ലീ​ഗ്: ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തി കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ്

ക്യാപ്റ്റൻ രോഹൻ കുന്നുന്മേൽ, അഖിൽ സ്കറിയ എന്നിവരുടെ അർധ സെഞ്ച്വറികളാണ് കാലിക്കറ്റിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്

കേരള ക്രിക്കറ്റ് ലീ​ഗ് ടൂർണമെന്റിൽ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ്. ട്രിവാൻഡ്രം റോയൽസിനെ 18 റൺസിന് തോൽപ്പിച്ചാണ് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് ഫൈനലിൽ കടന്നത്. മത്സരത്തിൽ ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് ഫീൽഡിങ്ങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ട്രിവാൻഡ്രത്തിന്റെ മറുപടി ഏഴിന് 155ൽ അവസാനിച്ചു.

നേ​രത്തെ ക്യാപ്റ്റൻ രോഹൻ കുന്നുന്മേൽ, അഖിൽ സ്കറിയ എന്നിവരുടെ അർധ സെഞ്ച്വറികളാണ് കാലിക്കറ്റിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 34 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും സഹിതം 64 റൺസാണ് കുന്നുന്മേലിന്റെ സംഭാവന. 43 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം അഖിൽ സ്കറിയ 55 റൺസുമെടുത്തു. 16 പന്തിൽ ഒരു ഫോറും ഒരു സിക്സും സഹിതം 23 റൺസുമായി അവസാന ഓവറുകളിൽ ആഞ്ഞടിച്ച സൽമാൻ നിസാറാണ് കാലിക്കറ്റിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

റിയ ബഷീറിന്റെയും ​ഗോവിന്ദ് പായിയുടെയും അർധ സെഞ്ച്വറികളാണ് ട്രിവാൻഡ്രം ഇന്നിം​ഗ്സിന്റെ ഹൈലറ്റ്. റിയ ബഷീർ 40 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സും സഹിതം 69 റൺസെടുത്തു. 54 പന്തിൽ മൂന്ന് ഫോറും നാല് സിക്സും സഹിതം 68 റൺസാണ് ​ഗോവിന്ദ് പൈ സംഭാവന ചെയ്തത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ മറ്റാർ‌ക്കും രണ്ടക്കം കടക്കാൻ കഴിയാതെ പോയതാണ് ട്രിവാൻഡത്തിന് തിരിച്ചടിയായത്.

To advertise here,contact us