റിങ്കുവിന് ശേഷം മറ്റൊരു യുവതാരത്തിന് കൂടി ബാറ്റ് സമ്മാനിച്ച് വിരാട് കോഹ്ലി

152 റൺസ് കൂടി എടുത്താൽ കോഹ്ലിയ്ക്ക് ടെസ്റ്റിൽ 9000 റൺസ് നാഴികക്കല്ലിലെത്താം.

റിങ്കു സിങ്ങിനു ശേഷം മറ്റൊരു യുവതാരത്തതിന് കൂടി ബാറ്റ് സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ അതികായനായ വിരാട് കോഹ്ലി. യുവ പേസ് ബോളറായ ആകാശ് ദീപ് സിങ്ങിനാണ് വിരാട് കോഹ്ലി ബാറ്റ് സമ്മാനിച്ചത്.

ആകാശ് ദീപ് തന്നെയാണ് ഈ ബാറ്റിന്റെ കാര്യം തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ആകാശ് ദീപും ഇടം പിടിച്ചിരുന്നു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് തനിക്ക് കോഹ്ലി ബാറ്റ് സമ്മാനിച്ച കാര്യം ആകാശ് ദീപ് പറയുന്നത്. കോഹ്ലിയുടെ എംആർഎഫ് ബാറ്റുമായി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആകാശ് സോഷ്യൽ മീഡിയയിൽ കുറിച്ചത് താങ്ക്യു ബയ്യാ എന്നാണ്.

2022 മുതൽ ആകാശ് ദീപ് ആർസിബിയിൽ വിരാട് കോഹ്ലിയ്ക്കൊപ്പം കളിക്കുന്നുണ്ട്. 2024 ഫെബ്രുവരിയിൽ ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി ആകാശ് ദീപ് അരങ്ങേറിയിരുന്നു. അന്ന് മികച്ച ​ഗൈനിലും ലെം​ഗ്തിലും പന്തെറിഞ്ഞ ആകാശ് മൂന്ന് നിർണായകഇം​ഗ്ലീഷ് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

ഇതിനു മുമ്പ് വിരാട് തന്റെ ബാറ്റ് റിങ്കു സിങ്ങിനും വിജയകുമാർ വൈശാഖിനുമല്ലാം ​ഗിഫ്റ്റ് നൽകിയത് വാർത്തയായിരുന്നു. ഈ വർഷം കോഹ്ലി കളിക്കാനിരിക്കുന്ന രണ്ടാമത്തെ ടെസ്റ്റ് മത്സരമായിരിക്കും ബം​ഗ്ലാദേശിനെതിരെ ഉള്ളത്. നേരത്തെ ഇം​ഗ്ലീഷ് പരമ്പരയിൽ നിന്നും വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് കോഹ്ലി പിൻവാങ്ങിയിരുന്നു. 152 റൺസ് കൂടി എടുത്താൽ കോഹ്ലിയ്ക്ക് ടെസ്റ്റിൽ 9000 റൺസ് നാഴികക്കല്ലിലെത്താം.

To advertise here,contact us