'എന്താ, മലിംഗയാവാന്‍ നോക്കുകയാണോ?'; ബംഗ്ലാദേശ് സ്പിന്നറോട് വിരാട് കോഹ്‌ലി, വൈറലായി വീഡിയോ

ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിം​ഗ്സിലും കോഹ്‍ലിക്ക് തിളങ്ങാൻ കഴിഞ്ഞില്ല

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനിടെ വിരാട് കോഹ്‌ലിയും സ്പിന്നര്‍ ഷാക്കിബ് അല്‍ ഹസനും തമ്മിലുള്ള സംഭാഷണം വൈറലാവുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിടെ വിരാട് കോഹ്‌ലി ഷാക്കിബിനോട് അദ്ദേഹം പന്തെറിയുന്നത് ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയെ പോലെയുണ്ടെന്ന് പരാമര്‍ശിക്കുകയായിരുന്നു. മൈതാനത്ത് ഇരുവരും തമ്മിലുണ്ടായ രസകരമായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായതിന് പിന്നാലെയാണ് കോഹ്‌ലി ക്രീസിലെത്തിയത്. കോഹ്‌ലിക്കെതിരെ ഷാക്കിബ് തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോഹ്‌ലിയുടെ ചോദ്യം.

'നീ എന്താ മലിംഗയാവുകയാണോ? യോര്‍ക്കറിന് പിന്നാലെ യോര്‍ക്കര്‍ എറിയുകയാണല്ലോ', എന്നാണ് കോഹ്‌ലി ചിരിച്ചുകൊണ്ട് ചോദിച്ചത്. ഇതുകേട്ട ഷാക്കിബും കോഹ്‌ലിക്കൊപ്പം ചിരിക്കുന്നതും സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തു. രസകരമായ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലാണ്.

Virat Kohli to Shakib: Malinga bana hua, yorker pe yorker de raha hai 😭🤣 pic.twitter.com/G7phRMyMhQ

അതേസമയം ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിം​ഗ്സിലും കോഹ്‍ലിക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ആദ്യ ഇന്നിം​ഗ്സിൽ ആറ് റൺസ് മാത്രമാണ് കോഹ്‍ലിക്ക് നേടാനായത്. താരത്തിന്റെ മോശം പ്രകടനത്തിനിടെയിലും ഇന്ത്യൻ ടീം ബം​ഗ്ലാദേശിനെതിരെ ശക്തമായ നിലയിലാണ്. രണ്ടാം ദിനം മത്സരം നിർ‌ത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിം​ഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ലീഡ് ഇതോടെ 308 റൺസായി ഉയർന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 376 റൺസിന് മറുപടി പറഞ്ഞ ബം​ഗ്ലാദേശ് ആദ്യ ഇന്നിം​ഗ്സിൽ 149 റൺസിൽ എല്ലാവരും പുറത്തായി.

To advertise here,contact us