'ഞാൻ സംരക്ഷിക്കുകയല്ല, എങ്കിലും കോഹ്ലിയെ ഒരിക്കലും മൂന്നാം നമ്പറിൽ ഇറക്കരുതായിരുന്നു; ​ഗംഭീറിന് തെറ്റു പറ്റി!

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോഹ്‌ലി ഒന്‍പത് പന്തുകള്‍ നേരിട്ടാണ് റണ്‍സൊന്നും എടുക്കാതെ മടങ്ങിയത്.

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ മൂന്നാം നമ്പറില്‍ ഇറക്കരുതായിരുന്നെന്ന് മുന്‍ താരം ദിനേശ് കാര്‍ത്തിക്. ബെംഗളൂരുവില്‍ വണ്‍ഡൗണായി ഇറങ്ങിയ വിരാട് കോഹ്‌ലി ഡക്കായി മടങ്ങി നിരാശപ്പെടുത്തിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോഹ്‌ലി ഒന്‍പത് പന്തുകള്‍ നേരിട്ടാണ് റണ്‍സൊന്നും എടുക്കാതെ മടങ്ങിയത്. ടെസ്റ്റില്‍ ഒട്ടും ശോഭിച്ചിട്ടില്ലാത്ത പൊസിഷനില്‍ കോഹ്‌ലിയെ വീണ്ടും ഇറക്കിയതിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ കോഹ്‌ലിയെ വണ്‍ഡൗണില്‍ ഇറക്കിയ തീരുമാനത്തില്‍ ടീം മാനേജ്‌മെന്റിനെയും പരിശീലകന്‍ ഗൗതം ഗംഭീറിനെയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. കോഹ്‌ലിക്ക് പകരം മൂന്നാം നമ്പറില്‍ കെ എല്‍ രാഹുലിനെയോ സര്‍ഫറാസ് ഖാനെയോ ഇറക്കാമായിരുന്നെന്നും ഡികെ നിര്‍ദേശിച്ചു.

'ഞാന്‍ വിരാട് കോഹ്‌ലിയെ സംരക്ഷിക്കുകയല്ല. ഇതുവരെ കളിച്ചിട്ടുള്ളതില്‍ വെച്ച് എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ സ്വഭാവവും സാങ്കേതികയും ഉള്ള താരമാണ് കോഹ്‌ലി. മറ്റൊരു പൊസിഷനില്‍ ഇറങ്ങിയിരുന്നെങ്കില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏകദിനത്തില്‍ കോഹ്‌ലി മൂന്നാമതും ടി20യില്‍ ഓപ്പണിങ്ങിലുമാണ് ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ടെസ്റ്റില്‍ കോഹ്‌ലിക്ക് ഏറ്റവും അനുയോജ്യമായ പൊസിഷന്‍ നാലാം നമ്പറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു', ഡികെ പറഞ്ഞു. ക്രിക്ബസ്സിനോട് സംസാരിക്കവേയായിരുന്നു ഡികെയുടെ പ്രതികരണം.

'ഞാന്‍ നാലാം നമ്പറില്‍ ഇറങ്ങാമെന്നും വണ്‍ഡൗണായി രാഹുലോ സര്‍ഫറാസോ ഇറങ്ങട്ടെയെന്നും കോഹ്‌ലിക്ക് പറയാമായിരുന്നു. അങ്ങനെയെങ്കില്‍ ഗംഭീറും അത് സമ്മതിച്ചേനെ. പക്ഷേ കാര്യങ്ങള്‍ അവരുടെ വഴിക്ക് നടന്നില്ല. കാര്യങ്ങള്‍ അംഗീകരിക്കുകയും കോച്ചിന്റെ തീരുമാനങ്ങളെ മാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഗംഭീറിന്റെ ആ തീരുമാനം ശരിയാണെന്ന് ഞാന്‍ പറയില്ല. മൂന്നാം നമ്പറില്‍ കെ എല്‍ രാഹുലിനെ ഇറക്കാമായിരുന്നെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. ഒരേ ബാറ്റിങ് ഓര്‍ഡര്‍ പിന്തുടരാമെന്ന ഗംഭീറിന്റെ ചിന്തയെ ഞാന്‍ അംഗീകരിക്കുന്നില്ല', ഡികെ കൂട്ടിച്ചേര്‍ത്തു.

യുവതാരം ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് ന്യൂസിലാന്‍ഡിനെതിരെ കോഹ്ലി മൂന്നാം നമ്പറില്‍ ബാറ്റുവീശാനിറങ്ങിയത്. 2016ന് ശേഷം ആദ്യമായാണ് കോഹ്ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ വണ്‍ഡൗണ്‍ പൊസിഷനില്‍ കളിക്കാനിറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗള്‍ഡായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലി റണ്‍സൊന്നും എടുക്കാതെ മടങ്ങി. ഒന്‍പത് പന്തുകള്‍ നേരിട്ട കോഹ്ലിയെ വില്‍ ഒറൂര്‍ക്കാണ് പുറത്താക്കിയത്.

ഡക്കായി മടങ്ങിയതിന് ശേഷം നാണക്കേടിന്റെ റെക്കോര്‍ഡാണ് കോഹ്ലിയെ തേടിയെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് കോഹ്ലി. 38-ാം തവണയാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകുന്നത്.

Content Highlights: ‘I am not protecting Virat Kohli’, Dinesh Karthik lashed out at Gautam Gambhir's tactical approach

To advertise here,contact us