ബട്ട്ലർ ഇല്ലെങ്കിലും സാരമില്ല, രാജസ്ഥാന്റെ ഇന്നിങ്‌സ് പടുത്തുയർത്താൻ ജയ്സ്വാളിനൊപ്പം ഓപ്പണിങിൽ സഞ്ജുവെത്തും

ഓപ്പണിങ് ബാറ്റർ ജോസ് ബട്‍ലർ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്നും പുറത്തായതോടെ പകരം ഓപ്പണിങ് സ്ഥാനത്ത് ആരാവുമെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്

ഐപിഎൽ പുതിയ സീസണിന്റെ റീട്ടെൻഷൻ ലിസ്റ്റ് പുറത്ത് വന്നതോടെ ഓരോ ടീമിന്റെയും പുതിയ പദ്ധതി എങ്ങനെയാവുമെന്ന ആകാംഷയിലാണ് ആരാധകർ. ഓപ്പണിങ് ബാറ്റർ ജോസ് ബട്‍ലർ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്നും പുറത്തായതോടെ പകരം ഓപ്പണിങ് സ്ഥാനത്ത് ആരാവുമെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. കഴിഞ്ഞ സീസണിൽ യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തിരുന്നത് ബട്‍ലറായിരുന്നു. അത്യാവശ്യമായ ഒരുപാട് ഘട്ടങ്ങളിൽ ടീമിന്റെ രാക്ഷകനായെത്തിയ ബട്ലറെ പക്ഷെ ടീം നിലനിർത്തിയില്ല.

സഞ്ജുവിനും ജയ്സ്വാളിനും 18 കോടി വീതം നൽകി ടീമിനൊപ്പം നിർത്തിയപ്പോൾ ജോസ് ബട്‍ലറെ ലേലത്തിൽ വിടാനാണ് ടീം തീരുമാനിച്ചത്. ആറ്താരങ്ങളെ നിലനിർത്തിയതിനാൽ ലേലത്തിൽ ബട്‌‍ലര്‍ക്കു വേണ്ടി ആർടിഎം ഉപയോഗിക്കാനും രാജസ്ഥാന് സാധിക്കില്ല. സഞ്ജു സാംസൺ (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി),റിയാൻ പരാഗ് (14 കോടി),ധ്രുവ് ജുറെൽ (14 കോടി),ഷിമ്രോൺ ഹെറ്റ്മെയർ (11 കോടി),സന്ദീപ് ശർമ (4 കോടി) എന്നിവരെയാണ് അടുത്ത സീസണിലേക്ക് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിട്ടുള്ളത്. പരിക്കിന്റെ പിടിയിലായ ജോസ് ബട്‍ലറെ നിലനിർത്തിയാലും കളിപ്പിക്കാൻ സാധിക്കുമോയെന്ന് റോയൽസ് ക്യാംപിൽ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലാണ് ബട്‍ലർ ഇംഗ്ലണ്ടിനായി ഒടുവിൽ കളിച്ചത്.

മെഗാലേലത്തിൽ ബട്‍ലർക്ക് പകരം മികച്ചൊരു ഓപ്പണിങ് ബാറ്ററെ കണ്ടെത്തുകയെന്നതാകും രാജസ്ഥാന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ആറ് താരങ്ങളെ ഇതിനകം തന്നെ നിലനിർത്തിയതിനാൽ രാജസ്ഥാൻ റോയൽസിന് ഇനി 41 കൂടിയേ ബാക്കിയുള്ളൂ., നിലവിൽ റീട്ടെൻഷൻ കഴിഞ്ഞപ്പോൾ ഏറ്റവും കുറവ് തുക ബാക്കിയുള്ളത് രാജസ്ഥാൻ റോയൽസിനാണ്. മികച്ച ഒരു ഓപ്പണറെ ലേലത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെ ഓപ്പണറായി ഇറങ്ങേണ്ടിവരും. രാജസ്ഥാന് വേണ്ടി ഓപ്പണറുടെ റോളിൽ മുമ്പ് തിളങ്ങിയിട്ടുള്ള താരമാണ് സഞ്ജു. അങ്ങനെയെങ്കിൽ ബിഗ് ഇന്നിങ്‌സുകൾ കളിക്കാനും കൂടുതൽ പന്തുകൾ കളിക്കാനും സഞ്ജുവിന് അവസരമൊരുങ്ങും.

Content Highlights: Why rajasthan royals release jos buttler ?

Also Read:

Cricket
വ്യക്തിഗത നേട്ടങ്ങൾക്കല്ല, ടീമിന് വേണ്ടി കളിക്കുന്നവർ മതി; രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ ഗോയങ്ക
To advertise here,contact us