രണ്ടാം ഇന്നിം​ഗ്സിലും തകർന്ന് ന്യൂസിലാൻഡ്, ഒമ്പത് വിക്കറ്റ് നഷ്ടമായി; ലീഡ് 143 റൺസ് മാത്രം

നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്.

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിം​ഗ്സിലും തകർന്ന് ന്യൂസിലാൻഡ്. രണ്ടാം ദിനം മത്സരം നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ്. നിലവിൽ രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലാ‍ൻഡിന് 143 റൺസിന്റെ ലീഡുണ്ട്. സ്കോർ ന്യൂസിലാൻഡ് ആദ്യ ഇന്നിം​ഗ്സിൽ 235, ഇന്ത്യ ആദ്യ ഇന്നിം​ഗ്സിൽ 263, ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പതിന് 171.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. ശുഭ്മൻ ​ഗില്ലും റിഷഭ് പന്തും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു. ഇരുവരും അഞ്ചാം വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്തു. 59 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 60 റൺസെടുത്താണ് റിഷഭ് പുറത്താകുന്നത്. 146 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 90 റൺസെടുത്ത ശുഭ്മൻ ​ഗിൽ എട്ടാമനായാണ് പുറത്താകുന്നത്.

വാലറ്റത്ത് 36 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 38 റൺസെടുത്ത് പുറത്താകാതെ നിന്ന വാഷിങ്ടൺ സുന്ദറിന്റെ പോരാട്ടമാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിം​ഗ്സിൽ ലീഡ് സമ്മാനിച്ചത്. അഞ്ച് താരങ്ങൾക്ക് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായില്ല. ന്യൂസിലാൻഡിനായി അജാസ് പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലാൻഡിനായി വിൽ യങ് 51 റൺസ് നേടി. ​ഗ്ലെൻ ഫിലിപ്സ് 26, ഡെവോൺ കോൺവേ 22, ഡാരിൽ മിച്ചൽ 21 എന്നിങ്ങനെയും സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും രവിചന്ദ്രൻ അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Content Highlights: NZ struggles to find tempo in second innings, lost nine wickets

To advertise here,contact us