സായ് സുദർശന് സെഞ്ച്വറി, മൂന്നക്കത്തിന്റെ പടിക്കൽ വീണ് ദേവ്ദത്ത്; ഇന്ത്യ എ 310 ന് പുറത്ത്

രണ്ട് ദിനം ബാക്കി നിൽക്കുമ്പോൾ ഓസീസിന് 224 റൺസാണ് വിജയിക്കാൻ ആവശ്യമായിട്ടുള്ളത്.

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ 310ന് പുറത്ത്. സായ് സുദര്‍ശൻ(103), മലയാളി താരം ദേവ്ദത്ത് പടിക്കൽ (88) എന്നിവരുടെ മികച്ച പ്രകടനത്തിലാണ് സ്കോർ മുന്നൂറ് കടന്നത്. ഇരുവരും മികച്ച തുടക്കമിട്ടെങ്കിലും ശേഷം വന്ന താരങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറി. ഇഷാന്‍ കിഷന്‍ (32), നിതീഷ് കുമാര്‍ റെഡ്ഡി (17) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഓസീസിന് വേണ്ടി ഫെര്‍ഗൂസൺ ഒ നീല്‍ നാലും ടോഡ് മര്‍ഫി മൂന്നും വിക്കറ്റെടുത്തു.

രണ്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ എ മൂന്നാം ദിനം ബാറ്റിങിനെത്തിയത്. അധികം വൈകാതെ സായ് സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ പുറത്താവുകയും ചെയ്തു. ടോഡ് മര്‍ഫിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 200 പന്തുകള്‍ നേരിട്ട സായ് ഒമ്പത് ബൗണ്ടറികള്‍ നേടി. പടിക്കലിനൊപ്പം 196 റണ്‍സ് കൂട്ടിചേര്‍ത്താണ് മടങ്ങിയത്. സായ് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.

തുടര്‍ന്ന് ക്രീസിലെത്തിയ ബാബ ഇന്ദ്രജിത് (6), ഇഷാന്‍ കിഷന്‍ (32), നിതീഷ് (17) , മാനവ് സുതര്‍ (6), പ്രസിദ്ധ് കൃഷ്ണ (0), മുകേഷ് കുമാര്‍ (0) നവ്ദീപ് സൈനി (18) എന്നിവർക്കാർക്കും തന്നെ ഇന്നിങ്‌സ് കെട്ടിപ്പെടുക്കാനായില്ല. അതേ സമയം ആദ്യ ഇന്നിങ്സിൽ ഇന്ത്യ 107 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ഇന്നിങ്സിൽ ഓസീസ് 195 റണ്സെടുത്തു. രണ്ട് ദിനം ബാക്കി നിൽക്കുമ്പോൾ ഓസീസിന് 224 റൺസാണ് വിജയിക്കാൻ ആവശ്യമായിട്ടുള്ളത്.

Also Read:

Football
ഓൾഡ് ട്രാഫോർഡിലെ ഓളം വീണ്ടെടുക്കാൻ റൂബനെത്തുന്നു; മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി പോർച്ചുഗീസ് കപ്പിത്താന് കീഴിൽ

Content Highlights: Sai Sudharsan and Devdutt Padikkal lead india a batting

To advertise here,contact us