എഴുതി തള്ളാനായിട്ടില്ല, ഓസീസിനെതിരായ അയാളുടെ ട്രാക്ക് റെക്കോർഡ് നോക്കൂ; കോഹ്‌ലിക്ക് പിന്തുണയുമായി ശ്രീകാന്ത്

വരാനിരിക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ വിരാട് നിർണ്ണായക പങ്കുവഹിക്കുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വ്യക്തമാക്കി

സമീപ കാലത്തെ മോശം ഫോമിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന മുൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീകാന്ത്. കോഹ്‌ലി ഫോമിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും മുമ്പും കോഹ്‌ലി ഇതേ പോലെയുള്ള പ്രതിസന്ധി കരിയറിൽ അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ എല്ലാം തരണം ചെയ്ത് തിരിച്ചു വരുന്ന ശൈലിയാണ് അദേഹത്തിന്റേതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

'കോഹ്‌ലിയെ എഴുതി തള്ളാനായിട്ടില്ല, അങ്ങനെ ചെയ്യുന്നത് താരം നൽകിയ സംഭാവനകൾ വിസ്മരിക്കുന്നതിന് തുല്യമാണ്. ഇനിയും താരത്തിന് സമയമുണ്ട്. ഫിറ്റ്നസും സാങ്കേതിക തികവും ഒന്നും തന്നെ തന്നിൽ നിന്ന് കൈമോശം സംഭവിച്ചിട്ടില്ലെന്ന് ഉടൻ അദ്ദേഹം തെളിയിക്കും', ശ്രീകാന്ത് കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ വിരാട് നിർണ്ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓസീസിനെതിരായ താരത്തിന്റെ ട്രാക്ക് റെക്കോർഡ് ചൂണ്ടികാട്ടിയായിരുന്നു അത്. ഓസീസിനെതിരെ അവരുടെ മണ്ണിൽ 25 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 47.48 റൺസ് ശരാശരിയിൽ 2042 റൺസാണ് നേടിയിട്ടുള്ളത്. ഒരു ഇന്ത്യൻ താരം നടത്തുന്ന ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഇത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ എട്ട് സെഞ്ച്വറികളും അഞ്ച് അർധ സെഞ്ച്വറികളും മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയിട്ടുണ്ട്. പെർത്തിലെയും മെൽബണിലെയും ചരിത്ര ഇന്നിങ്‌സുകളും അതിൽ പെടും.

അതേ സമയം മോശം ഫോമിലൂടെയാണ് വിരാട് കോഹ്‌ലി സമീപകാലത്ത് കടന്നുപോകുന്നത്. ന്യൂസിലാന്‍ഡിനെതിരെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടാന്‍ സാധിച്ചത്. നാല് തവണ രണ്ടക്കം കാണാതെ പുറത്തായി. ഈ വർഷം കളിച്ച 12 ഇന്നിങ്‌സുകളിൽ 20.9 റൺസാണ് ശരാശരി. എല്ലാ വർഷവും 50 റൺസിനും മുകളിൽ ശരാശരി വരുന്നിടത്താണ് ഈ വലിയ കുറച്ചിൽ. ഇതോടെ വിരാടിന്റെ ബാറ്റിന് പഴയ മൂർച്ചയില്ലെന്നും വിരമിക്കാനുള്ള സമയം അതിക്രമിച്ചെന്നും പറഞ്ഞ് വിമർശകരും ചില ക്രിക്കറ്റ് പണ്ഡിറ്റുകളും രംഗത്തെത്തിയിരിക്കുകയാണ്.

Also Read:

Cricket
36ാം പിറന്നാൾ ദിനത്തിൽ സമ്മാനം, പുരി ബീച്ചിൽ കോഹ്‌ലിയുടെ മണൽ ശില്പമുണ്ടാക്കി കലാകാരൻ; വീഡിയോ

ഇതിന് മുമ്പും ഇതേ മുറുമുറുപ്പും വിമർശനവുമായി ക്രിക്കറ്റ് ലോകം വിരാടിനെതിരെ തിരിഞ്ഞിരുന്നു. 2020-22 കാലയളവിലായിരുന്നു അത്. മൂന്ന് വർഷത്തെ നീണ്ട റൺസ് വരൾച്ചയ്ക്ക് ശേഷമായിരുന്നു അത്. അതിന് ശേഷം വിരാട് തിരിച്ചുവന്നത് രാജകീയമായിട്ടായിരുന്നു. അത്തരമൊരു രാജകീയ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നതും.

Content Highlights: Former Indian cricketer Krishnamachari Srikkanth support Virat kohli

To advertise here,contact us