അടുത്ത ഐപിഎല്ലിലും ബെൻ സ്റ്റോക്സ് ഇല്ല; ലേലത്തിൽ പങ്കെടുക്കാൻ ജെയിംസ് ആൻഡേഴ്സൺ‌

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18-ാം പതിപ്പിനുള്ള മെ​ഗാതാരലേലം നവംബർ 24, 25 തിയതികളിൽ നടക്കും

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ അടുത്ത പതിപ്പിലും ഇം​ഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ഐപിഎൽ താരലേലത്തിനായി ഇം​ഗ്ലണ്ടിൽ നിന്നുള്ള താരങ്ങളുടെ പട്ടികയിൽ ബെൻ സ്റ്റോക്സ് പേര് നൽകിയിട്ടില്ല. 2022ൽ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാ​ഗമായതാണ് ബെൻ സ്റ്റോക്സ്. 2023ലെ ഐപിഎല്ലിൽ കാൽമുട്ടിന്റെ പരിക്കിനെ തുടർന്ന് സീസണിന്റെ പകുതിക്ക് വെച്ച് സ്റ്റോക്സിന് പിൻവാങ്ങേണ്ടി വന്നിരുന്നു. 2024ലെ ഐപിഎല്ലിൽ അമിത ജോലി ഭാരം കാരണം സ്റ്റോക്സ് കളിച്ചിരുന്നില്ല.

മെ​ഗാലേലത്തിൽ നിന്ന് പിന്മാറുമ്പോൾ അടുത്ത രണ്ട് സീസണുകളിലെ മിനി ലേലത്തിലും ബെൻ സ്റ്റോക്സിന് പങ്കെടുക്കാൻ കഴിയില്ല. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഇം​ഗ്ലണ്ട് നിരയിലും 33കാരനായ സ്റ്റോക്സ് ഉണ്ടായിരുന്നില്ല. അതിനിടെ 42കാരനായ ഇം​ഗ്ലണ്ട് മുൻ പേസറും നിലവിലെ ഇംഗ്ലീഷ് ടീം ബൗളിങ് പരിശീലകനുമായ ജെയിംസ് ആൻഡേഴ്സൺ ഐപിഎൽ ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014ലാണ് ആൻഡേഴ്സൺ ഒടുവിൽ ട്വന്റി 20 ക്രിക്കറ്റ് കളിച്ചത്. ഒരിക്കലും ഐപിഎല്ലിൽ കളിക്കാൻ ആൻഡേഴ്സണ് അവസരം ലഭിച്ചിട്ടുമില്ല.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18-ാം പതിപ്പിനുള്ള മെ​ഗാതാരലേലം നവംബർ 24, 25 തിയതികളിൽ നടക്കും. സൗദിയിലെ ജിദ്ദയിലാണ് ലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 അന്താരാഷ്ട്ര താരങ്ങളാണ് ലേലത്തിനെത്തുന്നത്. 1,224 താരങ്ങൾ അൺക്യാപ്ഡ് പട്ടികയിലാണുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നവരാണ്.

ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. 91 താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ലേലത്തിന് പങ്കെടുക്കും. ഓസ്ട്രേലിയയിൽ നിന്ന് 76 താരങ്ങൾ ലേലത്തിന്റെ ഭാ​ഗമാകും. ഇം​ഗ്ലണ്ടിൽ നിന്ന് 52 താരങ്ങളും മെഗാലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇറ്റലിയിൽ നിന്നുള്ള ഒരു താരവും ഐപിഎൽ താരലേലത്തിൽ ഇടംനേടിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്നും ഇറ്റലി ക്രിക്കറ്റിലേക്ക് ചുവടുമാറിയ ജോ ബേൺസ് ആണ് ഈ താരമെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: IPL 2025 mega auction: Ben Stokes opts out of auction pool; James Anderson

To advertise here,contact us