ആദ്യടെസ്റ്റിനില്ലെങ്കിൽ രോഹിത്തിന് പകരം ബുംറയെ ക്യാപ്റ്റനാക്കണമെന്ന ഗവാസ്‌കറുടെ നിർദേശം, മറുപടിയുമായി ഫിഞ്ച്

രോഹിത്തിന് ആദ്യ രണ്ട് ടെസ്റ്റുകളില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ മുഴുവന്‍ പരമ്പരയ്ക്കും ടീം പുതിയ ക്യാപ്റ്റനെ നിയമിക്കണമെന്നായിരുന്നു ഗാവസ്‌കര്‍ സ്പോര്‍ട്സ് ടോക്കില്‍ പറഞ്ഞത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കണമെന്ന ഗവാസ്‌കറിന്റെ നിര്‍ദേശത്തിന് മറുപടിയുമായി ഓസീസ് മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. രോഹിത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് കളിക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം. എന്നാല്‍ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ രോഹിത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അനുവദിക്കണമെന്നാണ് ഫിഞ്ച് പറയുന്നത്.

രോഹിത്തിന് ആദ്യ രണ്ട് ടെസ്റ്റുകളില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ മുഴുവന്‍ പരമ്പരയ്ക്കും ടീം പുതിയ ക്യാപ്റ്റനെ നിയമിക്കണമെന്നായിരുന്നു ഗാവസ്‌കര്‍ സ്പോര്‍ട്സ് ടോക്കില്‍ പറഞ്ഞത്. 'ക്യാപ്റ്റന്‍ ഓപ്പണിങ് ടെസ്റ്റ് കളിക്കണം. പരമ്പരയുടെ ആദ്യ ടെസ്റ്റില്‍ തന്നെ ക്യാപ്റ്റന്റെ അന്നാന്നിധ്യം വൈസ് ക്യാപ്റ്റനെയും മറ്റ് താരങ്ങളെയും കടുത്ത സമ്മര്‍ദത്തിലാക്കും, അത് കാര്യങ്ങള്‍ എളുപ്പമാക്കില്ല. രോഹിത് ഓപ്പണിങ് ടെസ്റ്റ് കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കാണുന്നുണ്ട്. രണ്ടാം ടെസ്റ്റിലും താരം കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ രോഹിത്തിനോട് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ അജിത് അഗാര്‍ക്കര്‍ പറയണം', ഗവാസ്‌കര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

Also Read:

Cricket
ഓസീസ് പരമ്പരയിൽ ഇന്ത്യയെ ബുംറ നയിക്കട്ടെ; രോഹിത് സമ്മർദ്ദങ്ങളില്ലാതെ കളിക്കട്ടെ; സുനിൽ ഗവാസ്‌ക്കർ

'രോഹിത്ത് ആവശ്യമെങ്കില്‍ വിശ്രമം എടുക്കട്ടെ, അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണത്. പക്ഷേ, പരമ്പരയില്‍ ഒരു താരം എന്ന നിലയില്‍ മാത്രം രോഹിത് കളിക്കട്ടെ. ആഗ്രഹിക്കുന്ന സമയത്ത് ടീമിനൊപ്പം ചേരട്ടെ, ഈ പരമ്പരയില്‍ ഒരു മാറ്റമെന്ന നിലയില്‍ ബുംറ ക്യാപ്റ്റനാവട്ടെ, അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്', ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത്താണെന്ന് പറഞ്ഞാണ് ഗവാസ്‌കറുടെ അഭിപ്രായത്തില്‍ ഫിഞ്ച് എതിര്‍പ്പ് പ്രകടിപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ക്കുള്ള സമയം അദ്ദേഹത്തിന് നല്‍കണമെന്നും ഫിഞ്ച് ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'സുനില്‍ ഗവാസ്‌കറിന്റെ ആ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും വിയോജിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ രോഹിത്താണ്. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അനുവദിക്കണം. നിങ്ങളുടെ ഭാര്യയ്ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോവുന്ന സമയമാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും വീട്ടിലിരിക്കണം. വളരെ മനോഹരമായ നിമിഷമാണ് അത്. ആ കാര്യത്തിന് വേണ്ടി നിങ്ങള്‍ക്ക് ആവശ്യമുള്ള സമയവും എടുക്കണം', ഫിഞ്ച് പറഞ്ഞു.

നവംബർ 22 മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഓസീസ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതേ‌സമയം മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ന്യൂസിലൻഡിനു മുന്നിൽ അടിയറവെച്ചതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയും തുലാസിലാണ്. ഓസീസിനെതിരെ പരമ്പര 4-1ന് ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാനാകൂ, മാത്രമല്ല മറ്റു ടീമുകളുടെ മത്സര ഫലങ്ങളും നിർണായകമാകും.

രോഹിത്, വിരാട് കോഹ്‌ലി ഉൾപ്പെടെ സീനിയർ താരങ്ങളുടെ മോശം ബാറ്റിങ് പ്രകടനവും ടീം ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്നും രോഹിത് കുറ്റസമ്മതം നടത്തിയിരുന്നു. അത് കൊണ്ട് തന്നെ പരമ്പര വിരാടിനും രോഹിതിനും ഏറെ നിർണ്ണായകമാകും.

Content Highlights: Aaron Finch Disagrees With Gavaskar's 'Make Bumrah Captain If Rohit Is Not Available' Comment

To advertise here,contact us