ഒറ്റ സെഞ്ച്വറിയില്‍ പിന്നിലായത് കോഹ്‌ലിയും സച്ചിനും; ഏകദിനത്തില്‍ ചരിത്രം കുറിച്ച് അഫ്ഗാന്‍ താരം

തന്റെ എട്ടാമത്തെ ഏകദിന സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ ഗുര്‍ബാസ് അടിച്ചെടുത്തത്

ഏകദിനത്തില്‍ പുതുചരിത്രമെഴുതി അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയാണ് യുവതാരം ഗുര്‍ബാസ് ചരിത്രനേട്ടത്തിലെത്തിയത്. ബംഗ്ലാദേശിനെതിരെ വിജയവും പരമ്പരയും സ്വന്തമാക്കിയ പോരാട്ടത്തില്‍ അഫ്ഗാന് നിര്‍ണായകമായത് ഓപണര്‍ ഗുര്‍ബാസിന്റെ സെഞ്ച്വറി പ്രകടനമാണ്.

Eight ODI hundred smashed by Rahmanullah Gurbaz!1️⃣0️⃣1️⃣ Runs1️⃣2️⃣0️⃣ Deliveries5️⃣ 4s7️⃣ 6s✅ Became most ODI hundred taker (8) for Afghanistan.✅ Third ODI hundred against Bangladesh.✅ Third ODI hundred in 2024.#AFGvBAN | #RahmanullahGurbaz📸 ACB 👏 pic.twitter.com/9q8mamDwHJ

120 പന്തില്‍ 101 റണ്‍സാണ് ഗുര്‍ബാസ് ബംഗ്ലാദേശിനെതിരെ അടിച്ചെടുത്തത്. ഏഴ് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഗംഭീര ഇന്നിങ്‌സ്. തന്റെ എട്ടാമത്തെ ഏകദിന സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ ഗുര്‍ബാസ് അടിച്ചെടുത്തത്. ഇതോടെ എട്ട് ഏകദിന സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബാറ്ററെന്ന ചരിത്രനേട്ടം ഗുര്‍ബാസ് സ്വന്തമാക്കി.

റെക്കോര്‍ഡില്‍ ഇന്ത്യന്‍ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും മറികടന്നാണ് ഗുര്‍ബാസ് രണ്ടാമതെത്തിയത്. എട്ടാം സെഞ്ച്വറി സ്വന്തമാക്കുമ്പോള്‍ 22 വര്‍ഷവും 349 ദിവസവുമായിരുന്നു ഗുര്‍ബാസിന് പ്രായം. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 22 വര്‍ഷവും 357 ദിവസവും പ്രായമുള്ളപ്പോഴാണ് എട്ട് ഏകദിന സെഞ്ച്വറിനേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി (23 വര്‍ഷവും 27 ദിവസം), മുന്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം (23 വര്‍ഷവും 280 ദിവസം) എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ളത്. 22 വര്‍ഷവും 312 ദിവസവുമുള്ളപ്പോള്‍ എട്ടാം ഏകദിന സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കാണ് ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒന്നാമത്.

Also Read:

Cricket
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ

അതേസമയം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് അഫ്ഗാന്‍ വിജയം സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം അഫ്ഗാന്‍ 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും അര്‍ധ സെഞ്ച്വറി നേടിയ അസ്മത്തുള്ള ഒമര്‍സായിയുടെയും (70) നിര്‍ണായക ഇന്നിങ്‌സാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നാണ് അഫ്ഗാന്റെ വിജയം.

Content Highlights: AFG vs BAN: Sachin Tendulkar, Virat Kohli's elite ODI records shattered by Rahmanullah Gurbaz

To advertise here,contact us