'കോഹ്‌ലിയെ പരിഹസിച്ചതല്ല'; ഗംഭീറിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് പ്രതികരണം അത്ഭുതപ്പെടുത്തിയില്ലെന്ന് പോണ്ടിങ്

കോഹ്‌ലിയുടെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച പോണ്ടിങ്ങിനെതിരെ ഗംഭീർ രൂക്ഷമായി പ്രതികരിച്ചിരുന്നു.

സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ സമീപകാല ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങിനെതിരെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ രൂക്ഷമായി പ്രതികരിച്ചത് വാര്‍ത്തയായിരുന്നു. കോഹ്‌ലിയുടെ ഫോമിനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചത്. ഇപ്പോള്‍ ഗംഭീറിന്റെ രൂക്ഷമായ പ്രതികരണത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് റിക്കി പോണ്ടിങ്.

താന്‍ വിരാട് കോഹ്‌ലിയെ പരിഹസിച്ചിട്ടില്ലെന്നും സ്റ്റാര്‍ ബാറ്ററുടെ ഫോമിനെ കുറിച്ച് സത്യസന്ധമായ അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നും പോണ്ടിങ് വ്യക്തമാക്കി. ഗംഭീറിന്റെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ അത്ഭുതമില്ലെന്നും പോണ്ടിങ് തുറന്നുപറഞ്ഞു.

Also Read:

Cricket
'ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ കാര്യം താങ്കൾ നോക്കേണ്ട!'; കോഹ്‌ലിയെ വിമർശിച്ച പോണ്ടിങ്ങിന് മറുപടി നല്‍കി ഗംഭീർ

'വിരാട് കോഹ്‌ലിയുടെ ഫോമിനെ കുറിച്ച് ആശങ്കയുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ കോഹ്‌ലിയോട് ചോദിച്ചാലും, മുന്‍ വര്‍ഷങ്ങളില്‍ നേടിയ അത്ര സെഞ്ച്വറികള്‍ ഇപ്പോള്‍ നേടാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ ഒരിക്കലും വിരാട് കോഹ്‌ലിയെ പരിഹസിച്ചതല്ല. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് കോഹ്‌ലി. അദ്ദേഹം ഇവിടെ ഫോമിലേക്ക് തിരിച്ചുവരണമെന്നാണ് ഞാന്‍ പറഞ്ഞത്', പോണ്ടിങ് വ്യക്തമാക്കി.

കോഹ്‌ലിയുടെ ഫോമിനെ കുറിച്ചുള്ള തന്‍റെ അഭിപ്രായത്തില്‍ ഗംഭീറിന്‍റെ രൂക്ഷ പ്രതികരണത്തെ കുറിച്ചും പോണ്ടിങ് മനസുതുറന്നു. 'എന്റെ അഭിപ്രായത്തെ കുറിച്ച് ഇന്ത്യന്‍ കോച്ചിന്റെ പ്രതികരണം വായിച്ചപ്പോള്‍ ഞാന്‍ അമ്പരന്നു. എന്നാല്‍ ഗൗതം ഗംഭീറിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം വളരെ പരുക്കന്‍ സ്വഭാവമുള്ളയാളാണ്. അതുകൊണ്ട് തന്നെ ഗംഭീര്‍ അങ്ങനെ പ്രതികരിച്ചതില്‍ എനിക്ക് അതിശയമില്ല', പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Ricky Ponting said, "in no way my comments on Virat Kohli's form were a dig at him. Virat is a class player. I was surprised to read the reaction of Gautam Gambhir, he's quite a prickly character, so I'm not surprised it was him who said something back". (7News). pic.twitter.com/cwlPg0bSPA

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ടോ മൂന്നോ ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രം നേടിയ കോഹ്‌ലിയെ പോലെ ഒരു താരം എങ്ങനെയാണ് ഇപ്പോഴും അന്താരാഷ്ട്ര ടെസ്റ്റുകളില്‍ ടോപ് ഓർഡറില്‍ കളിക്കുക എന്നായിരുന്നു റിക്കി പോണ്ടിങ്ങിന്‍റെ ചോദ്യം. എന്നാല്‍ പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ഗംഭീര്‍ തിരിച്ചടിച്ചു. കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഫോമിനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും ഗംഭീര്‍ തുറന്നുപറഞ്ഞു. ഇരുതാരങ്ങളും ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ കരുത്താണെന്നും ഗംഭീര്‍ വ്യക്തമാക്കി. നവംബര്‍ 22ന് ആരംഭിക്കുന്ന ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു ഇന്ത്യന്‍ കോച്ചിന്റെ പ്രതികരണം.

Content Highlights: Ricky Ponting reacts after Virat Kohli comments draw ire from Gautam Gambhir

To advertise here,contact us