'ആ റിസ്‌ക് എടുക്കാന്‍ ടീമുകള്‍ തയ്യാറാവില്ല'; ഐപിഎല്‍ താരലേലത്തില്‍ ഷമിയുടെ വില കുറയുമെന്ന് മഞ്ജരേക്കര്‍

മെഗാലേലത്തിന് മുമ്പായുള്ള റീടെന്‍ഷന്‍ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ ഷമിയെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയിരുന്നില്ല

ഐപിഎല്‍ 2025 താരലേലത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ വില കുറയുമെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. മെഗാലേലത്തിന് മുമ്പായുള്ള റീടെന്‍ഷന്‍ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ 2023 ഐപിഎല്ലിലും 2023 ലോകകപ്പിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായ ഷമിയെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയിരുന്നില്ല. ഇപ്പോള്‍ താരലേലത്തിലും ഷമിയുടെ വിലയില്‍ ഇടിവുണ്ടാകുമെന്ന് കാരണസഹിതം പ്രവചിക്കുകയാണ് മഞ്ജരേക്കര്‍.

'പരിക്കിന്റെ ആശങ്കകളാണ് ഷമിയുടെ താരമൂല്യത്തില്‍ തിരിച്ചടിയാവുകയെന്നാണ് മഞ്ജരേക്കറുടെ നിരീക്ഷണം. ഷമിയെ തട്ടകത്തിലെത്തിക്കാന്‍ എല്ലാ ടീമുകള്‍ക്കും തീര്‍ച്ചയായും താല്‍പര്യമുണ്ടാകും. പക്ഷേ അദ്ദേഹത്തിന്റെ പരിക്കിന്റെ ചരിത്രം നോക്കിയാല്‍ സീസണില്‍ വിലയില്‍ ഇടിവ് സംഭവിക്കാന്‍ വലിയ സാധ്യതയുണ്ട്. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഷമി ഒരുപാട് കാലമെടുത്തിരുന്നു. ഇനി ഏതെങ്കിലും ടീം സ്വന്തമാക്കിയാലും സീസണിന്റെ പകുതിക്ക് വെച്ച് അദ്ദേഹത്തെ വീണ്ടും നഷ്ടപ്പെട്ടാല്‍ അത് തിരിച്ചടിയാവും. ആ റിസ്‌ക് കണക്കിലെടുത്താല്‍ ലേലത്തില്‍ ഷമിയുടെ വിലകുറയുമെന്നാണ് തോന്നുന്നത്', മഞ്ജരേക്കര്‍ പറഞ്ഞു.

Also Read:

Cricket
ഓസ്ട്രേലിയയിൽ പോകാൻ ഇനിയും കാത്തിരിക്കണം; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബം​ഗാൾ ടീമിൽ ഷമിയും

2023 ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു മുഹമ്മദ് ഷമി. സീസണിലെ 17 ഇന്നിങ്‌സുകളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമി ഒന്നാമതെത്തിയത്. 2023 ഏകദിന ലോകകപ്പിലും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ ഷമിയായിരുന്നു. ഏഴ് മത്സരങ്ങളില്‍ 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. എന്നാല്‍ ലോകകപ്പിന് ശേഷം ഏറെക്കാലമായി കളിക്കളത്തിന് പുറത്തായിരുന്നു മുഹമ്മദ് ഷമി.

കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമാണ് ഷമി മത്സരക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നത്. ഇതിനിടെ ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായ ഷമി രഞ്ജി ട്രോഫി ക്രിക്കറ്റിലൂടെ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. മധ്യപ്രദേശിനെതിരെ കഴിഞ്ഞ ദിവസം അവസാനിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബംഗാള്‍ പേസറായ മുഹമ്മദ് ഷമി പുറത്തെടുത്തത്.

ഇതിനുപിന്നാലെ സയ്യീദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള ബംഗാള്‍ ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ് മുഹമ്മദ് ഷമി. ഇതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കുള്ള ആദ്യ ടെസ്റ്റില്‍ ഷമി ഇല്ലെന്ന് ഏതാണ്ട് ഉറപ്പായി.

Content Highlights: Mohammed Shami might see a drop in his price tag at IPL auction says Sanjay Manjrekar

To advertise here,contact us