അത് റിവ്യൂ എടുക്കാം, ബുംമ്രയ്ക്ക് ഉറപ്പ് നൽകി കോഹ്‍ലി; പിന്നെ സംഭവിച്ചത്

മത്സരത്തിൽ ഓസ്ട്രേലിയയ്ക്കുമേൽ നേരിയ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്

പെർത്ത് ടെസ്റ്റിൽ നിർണായക റിവ്യൂ ശരിയാക്കി ഇന്ത്യൻ താരം വിരാട് കോഹ്‍ലി. ഓസ്ട്രേലിയൻ ഇന്നിം​ഗ്സിനിടെയാണ് സംഭവം. ബുംമ്ര എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഓസ്ട്രേലിയൻ ഓപണർ നഥാൻ മക്സ്വീനി വിക്കറ്റിന് മുന്നിൽ കുരുങ്ങി. ബുംമ്രയുടെ അപ്പീലിൽ അംപയർ ആദ്യം ഔട്ട് വിധിച്ചിരുന്നില്ല. പിന്നാലെ റിവ്യൂ എടുക്കുന്നതിൽ ബുംമ്രയ്ക്ക് ആശയകുഴപ്പം ഉണ്ടായിരുന്നു. ബാറ്റിലാണ് ആദ്യം ടച്ച് ചെയ്തതെന്ന് ബുംമ്ര കരുതി. സ്റ്റമ്പ് മൈക്കിൽ പന്ത് ബാറ്റുമായി ഒരുപാട് അടുത്ത് കൂടിയാണ് പോയതെന്ന് ബുംമ്ര സംശയിച്ചു. വിക്കറ്റ് കീപ്പർ റിഷഭ് പന്തും സംശയം പ്രകടിപ്പിച്ചു. ഈ സമയത്താണ് വിരാട് കോഹ്‍ലി അത് പാഡിലാണ് ആദ്യം കൊണ്ടെതെന്നും റിവ്യൂവിന് പോകാമെന്നും അറിയിച്ചത്.

വിരാട് കോഹ്‍ലിയുടെ ഉറപ്പിൽ ബുംമ്ര റിവ്യൂ നൽകി. മൂന്നാം അമ്പയറുടെ പരിശോധനയിൽ മക്സ്വീനി ഔട്ടാണെന്ന് തെളിഞ്ഞു. ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമായത് അവിടെ നിന്നുമാണ്. പിന്നാലെ ഉസ്മാൻ ഖ്വാജയെയും സ്റ്റീവ് സ്മിത്തിനെയും പാറ്റ് കമ്മിൻസിനെയും ബുംമ്രയാണ് പുറത്താക്കിയത്. ഇതുവരെ നാല് ഓസീസ് താരങ്ങളെ ബുംമ്ര വീഴ്ത്തി. രണ്ട് വിക്കറ്റുകൾ മുഹമ്മദ് സിറാജും ഒരെണ്ണം ഹർഷിത് റാണയും സ്വന്തമാക്കി.

മത്സരത്തിൽ ഓസ്ട്രേലിയയ്ക്കുമേൽ നേരിയ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ലീഡ് പ്രതീക്ഷയിലാണ്. പെർത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് പുറത്തായി. മറുപടി പറയുന്ന ഓസ്ട്രേലിയയും ബാറ്റിങ് തകർച്ച നേരിടുകയാണ്. ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറിന് ഒപ്പമെത്താൻ ഓസ്ട്രേലിയയ്ക്ക് ഇനി 83 റൺസ് കൂടി വേണം.

Also Read:

Cricket
ഓസീസിനെതിരായ കൂട്ടത്തകർച്ച; ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംമ്ര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ ആർക്കും തന്നെ ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞില്ല. റൺസെടുക്കും മുമ്പ് യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും വിക്കറ്റ് നഷ്ടപ്പെടുത്തി. മോശം ഫോം തുടരുന്ന വിരാട് കോഹ്‍ലി അഞ്ച് റൺസുമായി മടങ്ങി. നന്നായി കളിച്ചുവന്ന കെ എൽ രാഹുൽ ദൗർഭാ​ഗ്യകരമായി പുറത്തായി. ഹേസൽവു‍ഡിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ അലക്സ് ക്യാരി പിടികൂടിയപ്പോൾ രാഹുൽ നേടിയത് 26 റൺസ് മാത്രം. താരത്തിന്റെ ബാറ്റിൽ പന്ത് ഉരസിയില്ലെന്ന് ടെലിവിഷൻ റീപ്ലേയിൽ വ്യക്തമായിരുന്നെങ്കിലും സാങ്കേതിക വിദ്യയുടെ തെറ്റിൽ രാഹുൽ പുറത്തായി.

ധ്രുവ് ജുറേൽ 11, വാഷിങ്ടൺ സുന്ദർ നാല് എന്നിങ്ങനെയും റൺസെടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. റിഷഭ് പന്തിന്റെ 37 റൺസും നിതീഷ് കുമാർ റെഡ്ഡിയുടെ 41 റൺസുമാണ് ഇന്ത്യൻ സ്കോർ 150ൽ എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയും കടുത്ത ബാറ്റിങ് തകർച്ച നേരിട്ടു. 19 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന അലക്സ് ക്യാരിയാണ് ഓസ്ട്രേലിയൻ നിരയിലെ ടോപ് സ്കോറർ. ഉസ്മാൻ ഖ്വാജ എട്ട്, നഥാൻ മക്സ്വീനി 10, മാർനസ് ലബുഷെയ്ൻ രണ്ട്, സ്റ്റീവ് സ്മിത്ത് പൂജ്യം, ട്രാവിസ് ഹെഡ് 11, മിച്ചൽ മാർഷ് ആറ്, പാറ്റ് കമ്മിൻസ് മൂന്ന് എന്നിങ്ങനെയാണ് ഓസ്ട്രേലിയൻ നിരയിലെ സ്കോറുകൾ.

Content Highlights:Virat Kohli Convinces Jasprit Bumrah To Take DRS Despite Rishabh Pant's Doubts

To advertise here,contact us