ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടെ രസകരമായി യശസ്വി ജയ്സ്വാൾ-മാർനസ് ലബുഷെയ്ൻ സംഭാഷണം. മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിനിടെയാണ് സംഭവം. 44-ാം ഓവറിലെ അഞ്ചാം പന്തിൽ മിച്ചൽ മാർഷിന്റെ ബൗളിങ്ങിൽ ജയ്സ്വാൾ അടിച്ച പന്ത് ഓഫ് സൈഡിലേക്ക് നീങ്ങി. അവിടെ ഫീൽഡിങ്ങിൽ ആയിരുന്ന മാർനസ് ലബുഷെയ്ൻ പന്ത് കൈപ്പിടിയിലാക്കി.
പിന്നാലെ ക്രീസിന് വെളിയിലായിരുന്ന ജയ്സ്വാളിനെ റൺഔട്ടാക്കാൻ ലബുഷെയ്ൻ പന്ത് സ്റ്റമ്പിലേക്ക് എറിയാനൊരുങ്ങി. ഇതോടെ ക്രീസിന് വെളിയിൽ തുടർന്ന ജയ്സ്വാൾ പന്തെറിയാനായി പ്രകോപിപ്പിച്ചു. എന്നാൽ ലബുഷെയ്ൻ പന്തെറിയുന്നതായി തിരിച്ചും പ്രകോപിപ്പിച്ചു. ഈ സമയം ജയ്സ്വാൾ ക്രീസിൽ കുത്തുവാനായി എത്തും. ഏതാനും നിമിഷം ഇത് തുടർന്ന ശേഷം ലബുഷെയ്ൻ തന്നെ പ്രകോപനത്തിൽ നിന്ന് പിന്മാറി.
Jaiswal 😭😭😭 pic.twitter.com/kmhVUYqLKN
രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ മികച്ച ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത്. 193 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 90 റൺസുമായി ജയ്സ്വാൾ ക്രീസിൽ തുടരുകയാണ്. 153 പന്തിൽ നാല് ഫോറുകൾ അടക്കം 62 റൺസുമായി കെ എൽ രാഹുലും ക്രീസിലുണ്ട്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ലീഡ് 218 റൺസിലെത്തി.
നേരത്തെ രണ്ടാം ദിവസം രാവിലെ ഏഴിന് 67 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 104 റൺസിൽ എല്ലാവരും പുറത്തായി. 46 റൺസിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ നേടിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര അഞ്ചും ഹർഷിത് റാണ മൂന്നും വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ ആദ്യ ദിനം ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 150 റൺസിൽ ഓൾ ഔട്ടായിരുന്നു. 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
Content Highlights: Yashasvi Jaiswal dares Marnus Labuschagne to run him out