വിശ്വസിക്കാമോ? ഐപിഎല്ലിൽ 4,500ലധികം റൺസടിച്ച ആ താരം അൺസോൾഡ് പട്ടികയിൽ!

ഇന്നലെ ദേവ്ദത്ത് പടിക്കലും അൺസോൾഡ് പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ രണ്ടാം ദിവസത്തെ മെ​ഗാലേലം തുടരുകയാണ്. ചില ഇന്ത്യൻ താരങ്ങൾക്കായി ആരും രം​ഗത്തെത്തിയില്ല എന്നതായിരുന്നു ഈ ദിവസത്തെ ലേലത്തിലെയും പ്രധാനപ്രത്യേകത. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക സാന്നിധ്യമായിരുന്ന അജിൻക്യ രഹാനെ, മായങ്ക് അ​ഗർവാൾ, ഷാർദുൽ താക്കൂർ എന്നിവർക്കായി ലേലത്തിൽ ആരും രം​ഗത്തെത്തിയില്ല. യുവതാരം പൃഥി ഷായും ഇത്തവണത്തെ ലേലത്തിൽ വിറ്റഴിഞ്ഞില്ല.

കഴിഞ്ഞ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു അജിൻക്യ രഹാനെ. മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, റൈസിങ് പൂനെ സൂപ്പർ ജയന്റ്സ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്കായും രഹാനെ കളിച്ചിട്ടുണ്ട്.

ഐപിഎല്ലിൽ‌ 185 മത്സരങ്ങളിൽ നിന്നായി 4,642 റൺസാണ് രഹാനെയുടെ സമ്പാദ്യം. 2023 ഐപിഎല്ലിൽ ചെന്നൈയ്ക്കൊപ്പം രഹാനെ കിരീടവിജയവും നേടിയിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിൽ 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി 20യും രഹാനെ കളിച്ചിട്ടുണ്ട്. 8,000ത്തിലധികം അന്താരാഷ്ട്ര റൺസും രഹാനെ നേടിയിട്ടുണ്ട്. 1.50 കോടിയായിരുന്നു രഹാനെയുടെ അടിസ്ഥാന വില.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യൻ താരമായിരുന്നു ഷാർദുൽ താക്കൂർ. പേസ് ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും തന്റെ സംഭാവന നൽകാൻ താക്കൂറിന് കഴിയുമായിരുന്നു. രണ്ട് കോടിയായിരുന്നു താക്കൂറിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന മായങ്ക് അ​ഗർവാളിന് ഭേദപ്പെട്ട പ്രകടനം പോലും നടത്താൻ കഴിഞ്ഞിരുന്നില്ല.

യുവതാരം പൃഥി ഷായും അൺസോൾഡ് പട്ടികയിൽ ഉൾപ്പെട്ടു. ഇന്ത്യൻ ടീമിൽ ഉൾപ്പെടെ പ്രവേശനം ലഭിച്ചിട്ടും താരത്തിന്റെ ഭാ​ഗത്ത് നിന്നുള്ള പ്രശ്നങ്ങളും ഫിറ്റ്നസ് ഇല്ലായ്മയും നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതാവും പൃഥി ഷായെ ഒഴിവാകാൻ ടീമുകളെ പ്രേരിപ്പിച്ചത്. ഇന്നലെ ദേവ്ദത്ത് പടിക്കലും അൺസോൾഡ് പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

Content Highlights: Prithvi Shaw, Ajinkya Rahane, Shardul Thakur, Mayank Agarwal unsold

To advertise here,contact us