'എത്ര മോശം സാഹചര്യത്തിൽ നിന്നും എനിക്ക് തിരിച്ചുവരാൻ കഴിയും': യശസ്വി ജയ്സ്വാൾ

'ഇത്തരമൊരു ജീവിതമുണ്ടായത് തനിക്ക് ലഭിച്ച വലിയ അനു​ഗ്രഹമാണ്'

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ സെഞ്ച്വറിയിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ. ആദ്യ ഇന്നിം​ഗ്സിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെയാണ് ജയ്സ്വാൾ രണ്ടാം ഇന്നിം​ഗ്സിൽ സെഞ്ച്വറി നേട്ടവുമായി തിരികെ വന്നത്. മുൻകാല ജീവിതമാണ് തന്റെ ആത്മവിശ്വാസം. ഏതൊരു മോശം സാഹചര്യത്തിൽ നിന്നും തനിക്ക് തിരിച്ചുവരാൻ സാധിക്കും. എപ്പോഴും താൻ പോരാടിക്കൊണ്ടിരിക്കും. ആ പോരാട്ടാം താൻ ആസ്വദിക്കാനും അതിൽ വിജയിക്കാനും ഇഷ്ടപ്പെടുന്നു. ഒരു ഓസ്ട്രേലിയൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ജയ്സ്വാൾ പ്രതികരിച്ചു.

ഇത്തരമൊരു ജീവിതമുണ്ടായത് തനിക്ക് ലഭിച്ച വലിയ അനു​ഗ്രഹമാണ്. അത് തനിക്ക് ആത്മവിശ്വാസം നൽകുന്നു. സ്വയം മനസിലാക്കാൻ, സ്വന്തം കഴിവ് തിരിച്ചറിയാൻ, വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ തന്റെ അനുഭവങ്ങൾ സഹായമാണ്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ജീവിതത്തിന് താൻ ദൈവത്തോട് നന്ദി പറയുന്നു. ജീവിതത്തിൽ തനിക്ക് ഇഷ്ടപ്പെട്ടതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിൽ താൻ സന്തോഷവാനാണ്. ക്രിക്കറ്റിലെ ഓരോ പന്തും ആസ്വദിക്കാനും താൻ ആ​ഗ്രഹിക്കുന്നുവെന്ന് ജയ്സ്വാൾ വ്യക്തമാക്കി.

Also Read:

Cricket
വെങ്കിടേഷ് അയ്യരിന് 23.75 കോടി രൂപ നൽകുന്നത് എന്തിന്?; പ്രതികരിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജയ്സ്വാൾ 10-ാം വയസിൽ ക്രിക്കറ്റിനായി മുംബൈയിലേക്ക് വണ്ടികയറി. ക്രിക്കറ്റ് മൈതാനത്തെ ടെന്റുകളിലാണ് താരത്തിന്റെ ഉറക്കം. പാനിപൂരി വിൽക്കുന്ന കച്ചവടക്കാരെ സഹായിക്കുന്നതായിരുന്നു ഏക വരുമാന മാർ​ഗം. വീട്ടിൽ നിന്ന് തിരിച്ചുവിളിക്കുമ്പോൾ ക്രിക്കറ്റ് താരമായിട്ടെ മടങ്ങിവരൂവെന്നായിരുന്നു ജയ്സ്വാളിന്റെ മറുപടി. ക്രിക്കറ്റ് കളിക്കാൻ കഴിയുന്നുവെന്ന ഒറ്റക്കാരണത്താൽ പരിമിധികളെ ജയ്സ്വാൾ ഇഷ്ടപ്പെട്ടു. എന്നാൽ ആയിരക്കണക്കിന് വരുന്ന കുട്ടികളിൽ നിന്ന് ഒരു ക്രിക്കറ്റ് താരമാകുക ജയ്സ്വാളിന് എളുപ്പമല്ലായിരുന്നു. ജ്വാല സിങ് എന്ന പരിശീലകന്റെ ശ്രദ്ധയിൽപ്പെട്ടതാണ് ജയ്സ്വാളിന്റെ കരിയറിന്റെ വഴിത്തിരിവായത്. ജയ്സ്വാളിന് ഭക്ഷണവും താമസവും ഒപ്പം ക്രിക്കറ്റ് പരിശീലനവും ജ്വാല സിങ് വഴി ലഭിച്ചു. മുംബൈയിലെ സ്കൂൾ ടൂർണമെന്റുകളിൽ നടത്തിയ പ്രകടനങ്ങൾ താരത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. 2018ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ജയ്സ്വാളെത്തി. മുംബൈയുടെ രഞ്ജി ടീമിലും മികച്ച പ്രകടനം നടത്തിയതോടെ താരത്തെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. പിന്നാലെ ഇന്ത്യയുടെ ദേശീയ ടീമിലും ജയ്സ്വാൾ നിർണായക സാന്നിധ്യമായി മാറി.

Content Highlights: Days After Destroying Australia, Yashasvi Jaiswal On How He Draws Confidence

To advertise here,contact us